കണ്ണൂർ: കുരുക്ക് മുറുകുന്നു. എഡിഎം കെ. നവീൻ ബാബുവിനെതിരായുള്ള കൈക്കൂലി പരാതി വ്യാജം. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നത് തെളിയിക്കുന്ന രേഖകൾ പുറത്ത്. പമ്പിന് അപേക്ഷ നൽകിയതിൽ അപേക്ഷകൻ പ്രശാന്ത് എന്നാണ്. എന്നാൽ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തി.
പെട്രോൾ പമ്പിനായുള്ള പാട്ടക്കരാറിലെ ഒപ്പും പരാതിയിലെ ഒപ്പും വേവ്വേറെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ‘പ്രശാന്തൻ ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ആ പരാതിയുടെ അവസാനത്തിലും ഒപ്പ് ചേർത്തിട്ടുണ്ട്. എന്നാൽ പമ്പിനായുള്ള സ്ഥലം പാട്ടക്കരാറിൽ ‘പ്രശാന്ത് ടിവി’ എന്നാണ് പേര് രേഖപ്പെടുത്തി ഒപ്പുവച്ചിരിക്കുന്നത്.
ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിന് എൻഒസി ലഭിക്കാനായാണ് കൈക്കൂലി നൽകിയതെന്നായിരുന്നു പ്രശാന്തന്റെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് മുഖ്യമന്തിക്കും പരാതി നൽകിയെന്ന് പറയുമ്പോഴും ഇത്തരമൊരു പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിജിലൻസിനും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി ലഭിച്ചിരുന്നെങ്കിൽ അത് കയ്യോടെ വിജിലൻസിന് കൈമാറേണ്ടതാണ്ടതായിരുന്നു. പരാതി കിട്ടിയിരുന്നെങ്കിൽ അതിനുള്ള ഡോക്കറ്റ് നമ്പർ അപ്പോൾ തന്നെ എസ്എംഎസ്, ഇ മെയിൽ എന്നിവ മുഖേന പരാതിക്കാരന് കൈമാറുമായിരുന്നു. പരാതിയുടെ രസീത് കിട്ടിയില്ലെന്നാണ് പ്രശാന്തൻ പറയുന്നത്. ഇതും സംശയം ജനിപ്പിച്ചിരുന്നു.
തുടക്കം മുതൽക്കേ പ്രശാന്തന്റെ ആരോപണം വ്യാജമാണെന്ന വിമർശനം ഉയർന്നിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പെന്നും പ്രശാന്ത് എന്നയാൾ ബെനാമിയാണെന്നുമുള്ള ആരോപണങ്ങൾ ശക്തി പ്രാപിക്കുകയാണ്. കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനാണ് പ്രശാന്തനെന്നും ഇയാൾക്ക് നാലര കോടിയിലേറെ പണം മുടക്കി പമ്പ് നിർമിക്കാനുള്ള പണം എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ചും അന്വേഷിക്കുന്നതിനിടയിലാണ് പുതിയ വഴിത്തിരിവ്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ പിപി ദിവ്യ വീണ്ടും കുരുക്കിലാവുകയാണ്.
യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെയും പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്റെയും മൊഴി എടുത്തെങ്കിലും ദിവ്യയുടെയോ ജില്ലാ കളക്ടറുടെയോ മൊഴി രേഖപ്പെടുത്താത്തതും ചർച്ചയാവുകയാണ്. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്.















