അഗർത്തല: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ബംഗ്ലാദേശികളെ പിടികൂടി അതിർത്തി സുരക്ഷാ സേന. ത്രിപുരയിലെ ഇന്ത്യയുടെ അതിർത്തിയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ബിഎസ്എഫും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അതിർത്തിക്ക് സമീപത്തായി ബംഗ്ലാദേശികളെ കണ്ടെത്തിയത്.
ധാക്ക സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയത്. സിപാഹിജാല ജില്ലയിലെ റഹിംപൂർ അതിർത്തി ഔട്ട്പോസ്റ്റിന് സമീപത്ത് വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ത്രിപുരയിലെ ഗുരംഗോലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാളെ ബിഎസ്എഫ് പിടികൂടിയിരുന്നു.
നുഴഞ്ഞുകയറുന്ന സംഭവം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തികൾ കേന്ദ്രീകരിച്ച് അതിർത്തി സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന വ്യക്തികളെ ചോദ്യം ചെയ്യുമെന്നും അതിർത്തിയിൽ കർശന പരിശോധന നടത്തുമെന്നും ബിഎസ്എഫ് വ്യക്തമാക്കി.















