പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഗുരുതര ആരോപണവുമായി എഡിഎം നവീൻ ബാബുവിന്റെ കുടുംബം. പ്രശാന്തന്റെ പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യപങ്ക് കളക്ടർക്കുണ്ടെന്നാണ് കരുതുന്നതെന്ന് നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ പറഞ്ഞു. കളക്ടറും എഡിഎമ്മുമായുള്ള ഔദ്യോഗിക ബന്ധം സൗഹൃദപരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുൻപാണ് നവീൻ നാട്ടിൽ അവധിക്കെത്തിയത്. ഒരു പരുവത്തിലാണ് പോകുന്നത്, ബുദ്ധിമുട്ടാണ്. എങ്ങനെയെങ്കിലും സ്ഥലമാറ്റം കിട്ടി പോരാമല്ലോയെന്നോർത്ത് ആരോടും ഒന്നും പറയാത്തതാണ്. പലകാര്യങ്ങളും നിയമം വെട്ടിച്ച് ചെയ്യാൻ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും നവീൻ പറഞ്ഞിരുന്നതായി ബാലകൃഷ്ണൻ പറഞ്ഞു. ചിലതിന് കണ്ണടച്ച് കൊടുത്തില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും. അതുകൊണ്ട് ഒരു പരുവത്തിൽ നിൽക്കുകയാണെന്ന് നവീൻ പറഞ്ഞിരുന്നതായി ബാലകൃഷ്ണൻ വെളിപ്പെടുത്തി.
അവധി നൽകുന്നതിലും കടുത്ത നിയന്ത്രണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അവധി നൽകി നാട്ടിലെത്തിയാൽ വേഗം എത്താൻ പറഞ്ഞ് വിളിക്കും. ജോലിക്കെത്തിയാൽ എല്ലാ ജോലിയും നവീനെ ഏൽപ്പിച്ച് പോകുന്ന കളക്ടറാണ്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ കളക്ടർക്കും പങ്കുണ്ടെന്നാണ് സംശയം. സംസ്കാര ചടങ്ങിൽ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. സത്യന്ധനായ ഉദ്യോഗസ്ഥനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും ഞങ്ങൾക്ക് കേൾക്കേണ്ടെന്നും അമ്മാവൻ പറഞ്ഞു.
സ്ഥലംമാറ്റം വൈകിക്കുന്നതിൽ നവീന് ബുദ്ധിമുട്ടുണ്ടായിരുന്നു. നവീനൊപ്പം പോയവരെല്ലാം ട്രാൻസ്ഫർ വാങ്ങി നാട്ടിലെത്തി. അവന് മാത്രം ട്രാൻസ്ഫർ കൊടുക്കാതിരുന്നപ്പോഴാണ് ഇടപെട്ടത്. പാർട്ടി ജില്ലാ സെക്രട്ടറി വഴിയാണ് ബന്ധപ്പെട്ടതെന്നും അമ്മാവൻ പറഞ്ഞു. നല്ല ഉദ്യോഗസ്ഥനാണെന്നും സേവനം ഇവിടെ ആവശ്യമാണെന്നും പറഞ്ഞാണ് സ്ഥലമാറ്റം വൈകിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചെന്നും നവീൻ പറഞ്ഞിരുന്നതായി ബാലകൃഷ്ണൻ ഓർമിച്ചു.
ഇതിനിടെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. പകരം ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ ഗീതാ ഐഎഎസിനാണ് അന്വേഷണ ചുമതല. കലക്ടർക്ക് എതിരെ ആരോപണം വന്നതോടെ ആണ് കൂടുതൽ അന്വേഷണചുമതല മറ്റൊരാളെ ഏൽപിച്ചത്.