കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ പ്രശാന്തിന്റെ പരാതി വ്യാജമാണെന്ന കണ്ടെത്തലിൽ പ്രതികരിച്ച് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. വ്യാജന്മാർ പല പേരിലും വരും. പ്രശാന്ത് വ്യാജനാണ്. പി പി ദിവ്യയുടെ ബിനാമിയാണ് പ്രശാന്തെന്നും എൻ ഹരിദാസ് പ്രതികരിച്ചു.
സമൂഹത്തോട് ഇനി എന്ത് പറയണമെന്ന് സിപിഎമ്മിന് അറിയില്ല. ഇനി നിലനിൽപ്പിനുള്ള പോരാട്ടമായിരിക്കും അവർ നടത്തുക. പറഞ്ഞതൊക്കെ കോടതിയിലും ഇവർ മാറ്റി പറയും. കളക്ടർ വിളിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്ന് ദിവ്യ പറഞ്ഞു. അങ്ങനെയെങ്കിൽ കേസിൽ കളക്ടറെ കൂടി പ്രതി ചേർക്കണം.
നവീൻ ബാബു അവിടെ പോയത് ആ സ്ഥലുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടായത് കൊണ്ടായിരിക്കും. പൊതു സമൂഹത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാനായി എല്ലാവരും ഉരുണ്ടുകളിക്കുകയാണ്. കേരളത്തിലെ പൊലീസ് അന്വേഷിച്ചാൽ ഒന്നും കിട്ടാൻ പോകുന്നില്ല. കേസ് സിബിഐ അന്വേഷിക്കണം.
നവീൻ ബാബുവിന്റെ ജീവനെടുത്ത സ്ഥലത്ത് ഒരു സ്ഥാപനവും വരാൻ പാടില്ല എന്ന ഉറച്ച തീരുമാനം പള്ളി കമ്മിറ്റി സ്വീകരിക്കണം. എഡിഎമ്മിനോട് കാണിച്ച ക്രൂരത മനുഷ്യ മനസാക്ഷിയ്‌ക്ക് മറക്കാനാകാത്ത സംഭവമാണ്. ബിനാമി ഇടപാടാണ് ഇവിടെ നടന്നത്. പ്രശാന്തിന് ഒരു സാമ്പത്തിക ഇടപാടുമില്ല. ഗംഗാധരൻ എന്നൊരു പുതിയ കഥാപാത്രത്തെയും ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്. കണ്ണൂർ കളക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എൻ ഹരിദാസ് പറഞ്ഞു.