തിരുവനന്തപുരം: അറിയിപ്പില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനു മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ. മാലിന്യം ശേഖരിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു തൊഴിലാളികൾ കോർപറേഷന് മുന്നിലെത്തിയത്.
സിപിഎം കൊടികളേന്തി തൊഴിലാളികൾ കോർപ്പറേഷന് മുന്നിലുള്ള മരത്തിലേക്ക് കയറുകയായിരുന്നു. പതിനെട്ട് ദിവസമായി ഇവർ സമരം നടത്തുന്നുണ്ട്. എന്നാൽ അധികൃതർ ഗൗനിക്കാത്തതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
തൊഴിലാളികളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മന്ത്രിതല ഇടപെടൽ ഉണ്ടായതോടെയാണ് തൊഴിലാളികൾ സമരം അവസാനിപ്പിച്ച് താഴെ ഇറങ്ങിയത്.