ന്യൂഡൽഹി: പിഎഫ്ഐ ആസ്ഥാനമായ സത്യസരണിയുടെ അടച്ചു പൂട്ടലിന് വഴികാട്ടിയത് സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കലാപ ഗൂഢാലോചന കേസ്. സത്യസരണി ഉൾപ്പെടെ നിരോധിത സംഘടനയുടെ 56 കോടി രൂപയുടെ സ്വത്തുകൾ കഴിഞ്ഞ ദിവസമാണ് ഇഡി കണ്ടുകെട്ടിയത്. ഹത്രാസ് കലാപ ഗൂഢാലോചന കേസ് അന്വേഷണത്തിനിടെയാണ് പോപ്പുലർ ഫ്രണ്ട് ഹവാല കേസ് പുറത്ത് വന്നത്. ഹത്രാസിൽ യുപി പൊലീസ് പുലർത്തിയ ജാഗ്രതയാണ് രാജ്യവിരുദ്ധ പ്രവർത്തനം പുറത്തുകൊണ്ടുവന്നത്.
ഇഡി രജിസ്റ്റർ ചെയ്ത പിഎഫ്ഐ ഹവാല കേസിലെ 26 പ്രതികളിൽ അഞ്ചു പേർ കാപ്പന്റെ കൂട്ടുപ്രതികളാണ്. മലയാളികളായ റൗഫ് ഷെരീഫ്, അബ്ദുൽ റസാഖ്, എം.കെ. അഷ്റഫ്, അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർക്കാണ് രണ്ട് കേസുമായും ബന്ധമുള്ളത്.
2020 ഒക്ടോബർ അഞ്ചിനാണ് ഹത്രാസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഹത്രാസ് മിഷന് പണം അയച്ച അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫിനെ കുറിച്ച് സൂചന ലഭിച്ചത്. ക്യാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയായ ഇയാളെ ചോദ്യം ചെയ്യലിനായി ഇഡി ഡൽഹിലേക്ക് വിളിപ്പിച്ചപ്പോൾ കോവിഡ് എന്ന പേരിൽ ഒഴിഞ്ഞു മാറി. ഇതിനിടെ ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച റൗഫിനെ റൗഫിനെ 2020 ഡിസംബർ 12 നു തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഇഡി കസ്റ്റഡിൽ എടുത്തു. റൗഫിനെ വിശദമായി ചോദ്യം ചെയ്തതിലൂടെ നിർണ്ണായക വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. പിഎഫ്ഐ ഹവാല കേസിന്റെ തുടവും ഇവിടെ നിന്നാണ്.
നിരോധിത സംഘടനയ്‌ക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിച്ചത് പിഎഫ്ഐ പ്രവർത്തകരുടെ എൻഐആർ അക്കൗണ്ടിൽ വഴിയാണെന്നും ഇഡി കണ്ടെത്തി. ഖത്തറിൽ നിന്ന് മാത്രം 13,000 അക്കൗണ്ട് വഴിയാണ് പണം എത്തിയത്. പണം എത്തിയ അക്കൗണ്ടുകൾ ഇഡിയുടെ നിരീക്ഷണത്തിലായതോടെയാണ് സ്വർണ്ണക്കടത്തിലേക്ക് പിഎഫ്ഐ തിരിഞ്ഞത്.
റൗഫിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് വൻ ഇടപാടുകൾ നടത്തിയത് പിഎഫ്ഐ നേതാക്കളായ അബ്ദുൽ റസാഖ്, എം.കെ. അഷ്റഫ് എന്നിവരാണെന്നും ഇഡി കണ്ടെത്തി. പിന്നീട് ഈ പണം റൗഫാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിഎഫ്ഐ പ്രവർത്തകർക്ക് എത്തിച്ച് നൽകിയിരുന്നത്. 2022 മാർച്ചിൽ അബ്ദുൽ റസാഖിനെയും ഏപ്രിലിൽ എം.കെ. അഷ്റഫിനെയും ഇഡി അറസ്റ്റു ചെയ്തു. റിയൽ എസ്റ്റേറ്റിൽ തുടങ്ങി ദുബായ് ഡാൻസ് ബാറിൽ വരെ പിഎഫ്ഐയുടെ പണം എത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കണ്ടെത്തി. കര്‍ണാടക, കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂര്‍ തുടങ്ങി 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലാണ് പിഎഫ്ഐ പണം സൂക്ഷിച്ചിരുന്നത്.
ഹത്രാസിൽ സ്ഫോടനങ്ങൾക്കു പദ്ധതിയിട്ടിരുന്ന പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും കുടുങ്ങിയത് കാപ്പന്റെയും റൗഫിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ്. ഉത്തരേന്ത്യയിലെ ആയുധ പരിശീലന ക്യാംപുകൾക്ക് നേതൃത്വം നൽകിയത് ഇരുവരുമാണ്.
കേസുമായി ബന്ധപ്പെട്ട് 35 സ്ഥാവര സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, മലപ്പുറം മഞ്ചേരി സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്‌ലാം സഭ, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നു.















