മുംബൈ: മഹാരാഷ്‌ട്രയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. കല്യാൺ സ്‌റ്റേഷൻ പ്ലാറ്റ് ഫോം നമ്പർ 2 ൽ എത്തുന്നതിന് മുമ്പായി ട്രെയിൻ പാളം തെറ്റുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ട്രെയിനിൽ നിന്നും ഒരു കോച്ച് വേർപെട്ടു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
ഒരു മാസത്തിനിടെ 18-ലധികം ട്രെയിൻ അട്ടിമറി ശ്രമങ്ങളാണ് നടന്നത്. തുടർച്ചയായി ട്രെയിനുകൾ പാളം തെറ്റുന്നത് ഗൗരവമായി കാണുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സാമൂഹിക വിരുദ്ധർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.