കണ്ണൂർ: നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സംരംഭകൻ പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം. സംഭവത്തിൽ ഉദ്യോഗസ്ഥർ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കൈക്കൂലി നൽകിയ കുറ്റത്തിന് പ്രശാന്തനെതിരെയും കേസെടുക്കണമെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.
പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിനായി കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന് 98,500 രൂപ നൽകിയിരുന്നുവെന്നാണ് പ്രശാന്തന്റെ ആരോപണം. ഇതേത്തുടർന്ന് കൈക്കൂലി നൽകുന്നതും ശിക്ഷാർഹമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീംലീഗ് നേതാവ് ഖാദർ പരാതി നൽകുകയായിരുന്നു. പ്രശാന്തനെതിരെ അഴിമതി നിരോധനനിയമ പ്രകാരം കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് ഖാദറിന്റെ മൊഴി വിജിലൻസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. നവീൻ ബാബുവിന് കൈക്കൂലി നൽകിയിട്ടുണ്ടെന്ന് പ്രശാന്തൻ പറയുന്ന വീഡിയോ ഉൾപ്പെടെ തെളിവായി പരാതിക്കാരൻ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. പമ്പിന് അപേക്ഷ നൽകിയ അപേക്ഷകന്റെ പേര് പ്രശാന്ത് എന്നാണുള്ളത്. എന്നാൽ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തി. ഇതിലും അന്വേഷണം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.















