ഈ വർഷമിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമകളിലൊന്നാണ് സ്ത്രീ-2. ആദ്യഭാഗം വൻ ജനപ്രീതി നേടിയ സാഹചര്യത്തിൽ പുറത്തിറക്കിയ രണ്ടാം ഭാഗവും തീയേറ്ററുകൾ കീഴടക്കിയതോടെ പുതിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് നടി ശ്രദ്ധാ കപൂർ. സ്ത്രീയിലെ പ്രധാന കഥാപാത്രത്തെ അവിസ്മരണമാക്കിയ താരം, സ്ത്രീ-3 വരുന്നുണ്ടെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.
ഡയറക്ടർ അമർ കൗശിക്കിന്റെ പക്കൽ സ്ത്രീ-3ന്റെ കഥയുണ്ടെന്നും ഇക്കാര്യം അറിഞ്ഞപ്പോൾ താൻ വളരെയധികം ത്രില്ലിലാണെന്നും ശ്രദ്ധ പറയുന്നു. “എനിക്കറിയാം സ്ത്രീ-3 കഥയും അടിപൊളിയായിരിക്കും, എന്താണ് ആ കഥ എന്നറിയാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ.” – ശ്രദ്ധ പ്രതികരിച്ചു.
“2018ൽ സ്ത്രീയുടെ ആദ്യ ഭാഗത്തിന്റെ കഥ കേട്ടപ്പോൾ തന്നെ എനിക്ക് വളരെയധികം ആകാംക്ഷ തോന്നിയിരുന്നു. കാരണം അതുപോലൊരു സ്ക്രിപ്റ്റ് അതിന് മുൻപ് എന്റെ കൈകളിൽ വന്നുചേർന്നിട്ടില്ല. കഥ കേട്ട് സോഫയിൽ വീണുപോയി ഞാൻ. എന്റെ അടുത്തേക്ക് അണിയറപ്രവർത്തകർ വന്നല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. അത്രയേറെ എന്റർടെയ്നിംഗ് ആയ കഥയായിരുന്നു അത്. ഓരോ സീൻ വിശദീകരിക്കുമ്പോഴും ഞാൻ പൊട്ടിച്ചിരിച്ചു. “- ശ്രദ്ധ പറഞ്ഞു.
സ്ത്രീ തീയേറ്ററിലെത്തിയപ്പോൾ ലഭിച്ച സ്നേഹവും പിന്തുണയും വലുതായിരുന്നു. അവിടെ നിന്നാണ് ഇതെല്ലാം തുടങ്ങിയത്. സ്ത്രീ-2 ഹിറ്റായതിന്റെ ക്രെഡിറ്റ് ഡയറക്ടറിനും എഴുത്തുകാരനും നിർമാതാവിനുമാണ്. – താരം പ്രതികരിച്ചു.
രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സോഫീസിൽ ഹിറ്റായ സ്ത്രീ 1, 2 സിനിമകൾ ഒടിടിയിൽ ഇറങ്ങിയപ്പോഴും ഏറെ ആഘോഷിക്കപ്പെട്ട ബോളിവുഡ് ചിത്രമാണ്.















