ലക്നൗ : വാരാണസിയിലെ ജ്ഞാൻവാപി കേസിൽ വാദം പൂർത്തിയായി. കേസിൽ ഒക്ടോബർ 25ന് സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ ഫാസ്റ്റ് ട്രാക്ക്) യുഗൽ ശംഭു അദ്ധ്യക്ഷനായ ബഞ്ച് വിധി പറയും. 33 വർഷം നീണ്ട വാദപ്രതിവാദങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത് .
1991-ലെ ലോർഡ് വിശേശ്വർ വേഴ്സസ് അഞ്ജുമാൻ ഇൻ്റജാമിയ മസ്ജിദ് കമ്മിറ്റി കേസിൽ ഇരുകക്ഷികളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നു . ജ്ഞാൻവാപിയിൽ പുതിയ ക്ഷേത്രം പണിയുന്നതും ഹിന്ദുക്കൾക്ക് ആരാധന നടത്താനുള്ള അവകാശം നൽകുന്നതുമായി ബന്ധപ്പെട്ട് 1991-ൽ കേസ് ഫയൽ ചെയ്തു.
33 വർഷമായി നിലനിൽക്കുന്ന ഈ കേസ് മുസ്ലീം പക്ഷത്തിന്റെ വാദത്തോടെയാണ് പൂർത്തിയായത് . നിലവിൽ ഹിന്ദുപക്ഷത്തിന് ജ്ഞാൻ വാപി നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ജ്ഞാൻവാപിയിൽ പുതിയ ക്ഷേത്രം പണിയുന്നതും, അതിൽ പൂജ നടത്തുന്നതും ഈ വിധിയെ ആശ്രയിച്ചാകും. അതേസമയം വിധി തങ്ങൾക്ക് അനുകൂലമാകുമെന്നും , അതിനുള്ള പ്രാർത്ഥനയിലാണ് ഭക്തരെന്നും, ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു.















