മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലൂടെ കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൺ (ചെകുത്താന്റെ അടുക്കള) എന്നറിയപ്പെടുന്ന ഗുണ ഗുഹ ഏറെ പ്രസിദ്ധി നേടിയിരുന്നു. പലർക്കും ഇപ്പോൾ ഗുഹ എന്ന് കേട്ടാൽ ഭയമാണ്. ഗുണ ഗുഹയെന്ന് കേട്ടാൽ തന്നെ വിറയ്‌ക്കും, അപ്പോൾ ലോകത്തിലെ ഏറ്റവും അപകടകരമായ ഗുഹയെ പറ്റി അറിഞ്ഞാലോ! അതാണ് കോസ്റ്റാറിക്കയിലെ മരണത്തിന്റെ ഗുഹ എന്നറിയപ്പെടുന്ന ‘ക്യൂവ ഡി ലാ മ്യൂർട്ടെ’.
കോസ്റ്റാറിക്കയിലെ പോസ് അഗ്നിപർവ്വതത്തിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന മരണ ഗുഹ. ഗുഹയെ സംബന്ധിച്ചിടത്തോളം, ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. വലിയ പാറയുടെ താഴെയായി ഭൂമിയോട് മുട്ടി ഒരു ഗുഹ പോലെ ഇത് കാണപ്പെടുന്നു. പ്രവേശന കവാടത്തിന് ചുറ്റും ഇലകൾ ചിതറിക്കിടക്കുന്നു. ആളുകൾ ഇതിൽ ഇറങ്ങാതിരിക്കാൻ മുന്നറിയിപ്പ് നൽകുന്ന ഒരു ബോർഡും ഗുഹയുടെ മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. എന്താണ് ഈ ഗുഹ ഇത്ര അപകടം എന്നല്ലേ?
ആറടി ആഴവും പത്തടി നീളവുമുള്ള ഈ ഗുഹയിൽ മൃഗങ്ങളോ വിഷമുള്ള ചെടികളോ പാമ്പുകളോ ചിലന്തികളോ ഇല്ല. എന്നാലും ഗുഹയിൽ പ്രവേശിച്ചാൽ പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാവില്ല. എന്തെന്നാൽ ഗുഹയിൽ ഓക്സിജന്റെ അളവ് ഒരു തരി പോലും ഇല്ല എന്നതുതന്നെ. ഓക്സിജൻ ഇല്ലെന്നു മാത്രമല്ല, ഗുഹ നിറയെ കാർബൺ ഡൈ ഓക്സൈഡ് കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഗുഹയിലേക്ക് ഇറങ്ങിയാൽ ശ്വാസംമുട്ടൽ അനുഭവിക്കാൻ തുടങ്ങും. ഹൃദയം നിലക്കും, ബോധക്ഷയം ഉണ്ടാകും. അങ്ങനെ മരണം സംഭവിക്കാം. മാത്രമല്ല, സോളിഡ് കാർബൺ ഡൈ ഓക്സൈഡുമായുള്ള നേരിട്ടുള്ള സമ്പർക്കത്തെത്തുടർന്ന് ശരീരമാകെ പൊള്ളലേക്കും.