ന്യൂഡൽഹി: സ്വർണവില കുതിച്ചുയരുമ്പോൾ വീണ്ടും ചർച്ചയായി രാജ്യത്തെ ഗാർഹിക സ്വർണശേഖരം. വൻകിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യൻ വീടുകളിൽ ഇരിക്കുന്ന സ്വർണമെന്നാണ് കണക്ക്. രാജ്യത്തെ വ്യക്തികൾ കൈവശംവെച്ചിരിക്കുന്ന സ്വർണത്തിന്റെ മൊത്തം തൂക്കം 50,000 ടൺ വരുമെന്നാണ് ഏകദേശ കണക്ക്.
രാജ്യത്തെ വൻകിട ക്ഷേത്രങ്ങളിലും പുരാവസ്തു ശേഖരത്തിലും അളന്നു തിട്ടപ്പെടുത്താത്ത സ്വർണത്തിന്റെ കണക്കു കൂട്ടാതെ ഉള്ളതാണിത്. ലോകത്തിലെ അതിസമ്പന്ന രാജ്യമായ അമേരിക്കയുടെ ദേശീയ ബാങ്കിലെ സ്വർണ ശേഖരം 8,000 ടൺ മാത്രമാണ്. ഇവിടെയാണ് നമ്മുടെ വീടുകളിലെ സ്വർണത്തിന്റെ തിളക്കം മനസിലാക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരുതൽ നിക്ഷേപം എന്ന നിലയിൽ സ്വർണം ശേഖരിക്കുന്നതിൽ രാജ്യങ്ങൾ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. മറ്റ് കരുതൽ നിക്ഷേപങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായ ആസ്തി എന്ന നിലയിലാണ് രാജ്യങ്ങൾ സ്വർണത്തിന് കുടുതൽ പ്രാധാന്യം നൽകുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ നൽകുന്ന കണക്കനുസരിച്ച് കഴിഞ്ഞ വർഷം ലോകത്തിലെ എല്ലാ രാജ്യങ്ങളും കരുതൽ നിക്ഷേപത്തിലേക്ക് വാങ്ങിയ സ്വർണത്തിന്റെ അളവ് 37 ടൺ വരും.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നത് അമേരിക്കയാണ്. പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. 840.76ടൺ സ്വർണമാണ് നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ളത്. രാജ്യത്തെ ആകെയുള്ള കരുതൽ നിക്ഷേപങ്ങളുടെ 9.57ശതമാനമാണ് സ്വർണത്തിന്റെ അളവ്.