ന്യൂഡൽഹി: വിവാദ ഇസ്ലാമത പ്രഭാഷകൻ സാക്കീർ നായിക്കിനെ ക്ഷണിച്ച് കൊണ്ടുവന്ന് പാക് സർക്കാരിനെ പരിഹസിച്ച് അഫ്ഗാൻ മുൻ വൈസ് പ്രസിഡൻ്റ്. ഒരു നിക്ഷേപകരെ ക്ഷണിക്കാനുള്ള ത്രാണി പാകിസ്താനില്ല, അതുകൊണ്ടാണ് ജനങ്ങളെ തീവ്രവാദികളാക്കാൻ സാക്കിർ നായിക്കിനെ കൊണ്ടുവന്നതെന്ന് അമ്റുല്ല സാലിഹ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം.
സാക്കീർ നായിക്കിന്റെ താലിബാൻ പ്രേമത്തെ അതീരൂക്ഷമായ ഭാഷയിലാണ് സാലിഹ് വിമർശിച്ചത്. താലിബാനെ പുകഴ്ത്തുന്നത് അഫ്ഗാൻ ജനതയുടെ മുറിവുകളിൽ ഉപ്പും വിനാഗിരിയും പുരട്ടുന്നത് പോലെയാണ്. താലിബാനിസം പിന്തുടരുന്ന സാക്കീർ സ്യൂട്ടും കോട്ടും ഒഴിവാക്കണം. സ്ത്രീകളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കരുത്, ഇങ്ങനെ പലതും ഉപേക്ഷിക്കാൻ തയ്യാറാണോയെന്നും സാലിഹ് ചോദിച്ചു.
വാർത്തകളിൽ ഇടം പിടിക്കാൻ പാകിസ്താൻ കഷ്ടപ്പെടുകയാണ്. ഇസ്ലാമാബാദിന് നിക്ഷേപകനെ ക്ഷണിക്കാനോ ഒരു വ്യാവസായിക പ്രദർശനം നടത്താനോ കഴിവില്ല. അർത്ഥവത്തായ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല. ജനങ്ങളുടെ പ്രതീകരണശേഷി നഷ്ടപ്പെടുത്താൻ പറ്റിയത് തീവ്രമതചിന്തയാണെന്ന് പാക് സർക്കാരിന് അറിയാം. അതുകൊണ്ടാണ് അവർ സാക്കീറിന് വേണ്ടി ചുവപ്പു പരവതാനി വിരിച്ചതെന്നും അഫ്ഗാൻ മുൻ വൈസ് പ്രസിഡൻ്റ ചൂണ്ടിക്കാട്ടി.