കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ. കഴിഞ്ഞ 324 മണിക്കൂറായി ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം തുടരുകയാണ്. വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മമത സർക്കാരിന് ആവശ്യത്തിൽ അധികം സമയം ലഭിച്ചിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തി.
” സീനിയർ ഡോക്ടർമാരുമായി ചർച്ച ചെയ്ത ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മമത സർക്കാരിന്റെ വാദം. എന്നാൽ പിന്നീട് സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നീക്കങ്ങളുമുണ്ടായില്ല. ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മമത സർക്കാർ തയ്യാറല്ലെങ്കിൽ നിരാഹാര സമരവുമായി മുന്നോട്ടു പോകും.
ഡോക്ടർമാരെ അവഗണിക്കുന്ന പ്രവണത സർക്കാർ നിർത്തണം. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഞങ്ങൾ ഓരോരുത്തരും പോരാടും. അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ അത് നടക്കില്ല.”- ജൂനിയർ ഡോക്ടർമാർ പറഞ്ഞു.
സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് ജൂനിയർ ഡോക്ടർമാർ മുന്നോട്ടു വയ്‌ക്കുന്നത്. എന്നാൽ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. ഇതോടെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 50 ഓളം സീനിയർ ഡോക്ടർമാരും ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ജോലി രാജിവച്ചായിരുന്നു സീനിയർ ഡോക്ടർമാർ സമരം ചെയ്യുന്നവർക്ക് പിന്തുണ അറിയിച്ചത്.