ബംഗലൂരു: ഒന്നാമിന്നിംഗ്‌സിലെ ദയനീയമായ ബാറ്റിംഗ് തകർച്ച ഇന്ത്യ രണ്ടാമിന്നിംഗ്‌സിലും ആവർത്തിച്ചപ്പോൾ രക്ഷകരായി സർഫറാസ് ഖാനും ഋഷഭ് പന്തും. നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ഇരുവരും ക്ഷമയോടെ നേടിയ 177 റൺസാണ് മാനം കാത്തത്. രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് വിജയിക്കാൻ 107 റൺസാണ് വേണ്ടത്.
മൂന്നാം ദിനത്തിൽ കോലിയുമൊത്ത് – സർഫറാസ് 136 റൺസിന്റെ കൂട്ടുകെട്ടുയർത്തിയിരുന്നു. ഇതിന് ശേഷമാണ് ഋഷഭ് പന്തും സർഫറാസും ക്രീസിൽ ഒരുമിച്ചത്. 231 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ചത്. മൂന്ന് വിക്കറ്റുകളും നഷ്ടമായിരുന്നു. 70 റൺസുമായിട്ടാണ് സർഫറാസ് ഖാൻ ബാറ്റിംഗ് ആരംഭിച്ചത്.
110 പന്തിൽ സെഞ്ചുറി തികച്ച സർഫറാസ് പിന്നെയും കരുതലോടെ സ്‌കോർ ചലിപ്പിച്ചു. ഋഷഭിന്റെ പിന്തുണ കൂടിയായപ്പോൾ കിവീസ് ബൗളർമാരുടെ ക്ഷമ പരീക്ഷിച്ച ഇന്നിംഗ്‌സായിരുന്നു പിറന്നത്. രണ്ടാമിന്നിംഗ്‌സ് സ്‌കോർ 400 കടത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.
സർഫറാസ് ആയിരുന്നു ആദ്യം പുറത്തായത്. പിന്നാലെ ഒരു റൺസ് അകലെ സെഞ്ചുറി നഷ്ടമായി ഋഷഭിനും മടങ്ങേണ്ടി വന്നു. 195 പന്തിൽ നിന്നാണ് സർഫറാസ് 150 റൺസെടുത്തത്. 18 ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 സെഞ്ചുറികൾ കുറിച്ചിട്ടുളള സർഫറാസ് ഖാന്റെ ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറിയാണിത്.
ഋഷഭ് പന്ത് 105 പന്തിലാണ് 99 റൺസെടുത്തത്. ഒൻപത് ഫോറുകളും അഞ്ച് സിക്‌സറുകളും പറത്തി.
ആദ്യ ഇന്നിംഗ്‌സിൽ 46 റൺസിലൊതുങ്ങിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. ന്യൂസിലൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസെടുത്തിരുന്നു. വിജയിക്കാനായാൽ 36 വർഷത്തിനിടെ ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാകുമിത്. രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച കിവീസ് നാല് പന്തുകൾ മാത്രമാണ് നേരിട്ടത്. ആകാശം
മേഘാവൃതമായതിനെ തുടർന്ന് വെളിച്ചക്കുറവ് മൂലം കളി നിർത്തിവക്കുകയായിരുന്നു.