കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കണ്ടു. പിണറായിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്‌ച്ച നടത്തിയത്.
ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു കളക്ടർ അരുൺ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ടുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ടി വി പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ പി പി ദിവ്യയെ ഇതുവരെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷയുമായി ദിവ്യ കോടതിയെ സമീപിച്ചിരുന്നു. ദിവ്യക്കെതിരായ വിഷയങ്ങളിൽ മുഖ്യമന്ത്രിയും പ്രതികരിക്കാൻ തയ്യാറായില്ല.















