പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാലക്കാടിൽ ഇത്തവണ വിജയം ഉറപ്പാണെന്നും താമര വിരിയുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” പാലക്കാട്ടുകാർക്ക് സുപരിചിതനായ ഒരാളാണ് സി കൃഷ്ണകുമാർ. ജനഹൃദയം അറിഞ്ഞ് പ്രവർത്തിക്കാൻ കൃഷ്ണകുമാറിന് സാധിക്കും. പാലക്കാടിന്റെ മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. കേവലം രണ്ടര കൊല്ലത്തിനായുള്ള പ്രവർത്തനങ്ങളല്ല ഞങ്ങൾ ലക്ഷ്യം വയ്‌ക്കുന്നത്. വരുന്ന ഓരോ വർഷത്തേക്കുമുള്ള വികസന പദ്ധതികൾ ബിജെപി ഇപ്പോൾ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനാൽ ഇത്തവണ പാലക്കാടിൽ ബിജെപിക്ക് അനുകൂല സാഹചര്യമാണ്.”- ഇ. ശ്രീധരൻ പറഞ്ഞു.
ഇത്തവണ പാലക്കാട് താമര വിരിയും. മണ്ഡലത്തിന്റെ വികസനത്തിനായി തന്റെ മാസ്റ്റർ പ്ലാൻ നൽകും. കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥിയാണെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുമെന്നും മെട്രോമാൻ വ്യക്തമാക്കി. പാലക്കാട്ടുകാർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ജലക്ഷാമം. ഇത് പരിഹരിക്കാനുള്ള ചർച്ചകൾ ബിജെപി വിപുലമായി നടത്തുന്നുണ്ട്.
ചൂടു കുറയ്‌ക്കുന്നതിനായി വനസംരക്ഷണം ആവശ്യമാണ്. 5 ലക്ഷം വൃക്ഷങ്ങൾ പാലക്കാട് നട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന് പല ആവശ്യങ്ങളുണ്ട്. എല്ലാം കണ്ടറിഞ്ഞ് ബിജെപി പാലക്കാടിനായി പ്രവർത്തിക്കുമെന്നും കൃഷ്ണകുമാറിനെ സ്വന്തം അനിയനായി കണ്ട് അദ്ദേഹത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുമെന്നും ശ്രീധരൻ വ്യക്തമാക്കി.















