തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി സിവിൽ പൊലീസ് ഓഫീസർ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിലെ ഡോക്ടറാണ് പൊലീസിനെ സമീപിച്ചത്. തൃശൂർ ഇന്ത്യൻ റിസർവ്വ് ബറ്റാലിയനിലെ പൊലീസ് ഓഫീസറായ യുവാവിനെ ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവതി പരിചയപ്പെട്ടത്. അവിവാഹിതൻ എന്ന് പറഞ്ഞാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും നൽകി.
ഇതിനിടെ കണ്ണിന് പ്രശ്നമുണ്ടെന്നും ചികിത്സ നടത്താൻ കൂട്ടുവരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് തിരുവനന്തപുരത്ത് എത്തിക്കുകയും ലോഡ്ജിൽ താമസിപ്പിക്കുകയും ചെയ്തു. ഒരു മാസത്തോളം ഇവിടെ താമസിപ്പിച്ചു. ഇതിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ശരീരത്തിൽ മുറിവുണ്ടാക്കിയെന്നും വനിത ഡോക്ടറുടെ പരാതിയിൽ പറയുന്നു. തിരിച്ച് പോയതിന് ശേഷമാണ് ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന് അറിഞ്ഞതെന്നും പരാതി പറയുന്നു.
സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യ കർണ്ണാടക സ്വദേശിയാണ്. ഇയാൾക്ക് വയനാട്ടിൽ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.















