ആലിയ ഭട്ടിനെ നായികയാക്കി ഒക്ടോബർ 11ന് പുറത്തിറങ്ങിയ സിനിമയാണ് ജിഗ്ര. സഹോദരബന്ധത്തിന്റെ കഥ പറയുന്ന സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇതിനുപിന്നാലെ ചിത്രത്തിന്റെ സംവിധായകൻ വാസൻ ബാലയ്‌ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വാസൻ ബാലയുടെ എക്‌സ് അക്കൗണ്ടിലും സിനിമാ പ്രേമികൾ വിമർശനങ്ങളുമായി എത്തിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സംവിധായകൻ.
എക്‌സ് അക്കൗണ്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വാസൻ ബാല പങ്കുവച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ അക്കൗണ്ട് പരിശോധിക്കുമ്പോൾ അക്കൗണ്ട് നിലവിലില്ല എന്നാണ് കാണിക്കുന്നതെന്ന് ആരാധകർ പറയുന്നു. ബോക്‌സ് ഓഫീസ് കളക്ഷൻ ഒരു സിനിമയുടെ വിജയമായി കണക്കാക്കുന്നില്ലെന്ന് വാസൻ ബാല പ്രതികരിച്ചിരുന്നു. എന്നാൽ പ്രേക്ഷകരുടെ മനസറിയാതെ സിനിമ എടുക്കുന്നതിൽ യോജിക്കാനാവില്ലെന്ന് ഒരു വിഭാഗം തിരിച്ചടിച്ചു.

80 കോടി ചെലവഴിച്ച് നിർമിച്ച സിനിമയ്‌ക്ക് 25 കോടി കളക്ഷനാണ് നേടാൻ കഴിഞ്ഞത്. ഇതിൽ ഭൂരിഭാഗം ടിക്കറ്റുകളും ആലിയ മൊത്തത്തിൽ വാങ്ങിയതാണെന്നും സിനിമാ പ്രേമികൾ പരിഹസിച്ചു. എന്നാൽ തന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു ജിഗ്രയിൽ ചെയ്തതെന്ന് ആലിയ വ്യക്തമാക്കി. ആലിയയെയും വാസൻ ബാലയയെയും പ്രശംസിച്ച് സാമന്ത ഉൾപ്പെടെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. വേദംഗ് റൈനയാണ് ചിത്രത്തിൽ ആലിയയുടെ സഹോദരനായി വേഷമിട്ടത്.















