കണ്ണൂർ: പ്രതിഷേധങ്ങൾ ഭയന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ഔദ്യോഗിക പരിപാടിയിൽ നിന്ന് ഒഴിവായി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് പിണറായി എകെജി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ നിന്നാണ് കളക്ടർ ഒഴിഞ്ഞത്. എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കളക്ടർക്ക് നേരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ അരുൺ കെ വിജയൻ ആരോപണ മുനയിലാണ്. പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അരുണിനെ പരാമർശിച്ചിട്ടുണ്ട്. ഇത് തലശേരി പ്രിൻസിപ്പൽ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിഷേധ സാദ്ധ്യതകൾ കൂടി കണക്കിലെടുത്താണ് കളക്ടർ പരിപാടിയിൽ നിന്ന് പിൻമാറിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ബിജെപി ഉൾപ്പെടെ കളക്ടർക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് കളക്ടർ തീരുമാനിച്ചത്.
കളക്ടറുടെ കീഴിൽ നവീൻ ബാബു മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. യാത്രയയപ്പ് യോഗം വേണ്ടന്ന് നവീൻ പറഞ്ഞിട്ടും കളർക്ടറുടെ നിർദേശപ്രകാരമാണ് യോഗം നടന്നതെന്നും അരുൺ കെ വിജയനെതിരെയും കേസെടുക്കണമെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.















