ഡെറാഡൂൺ: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പുതുതായി കണ്ടെത്തിയ ഗുഹയിൽ നിന്ന് ആയിരക്കണക്കിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. അതിർത്തിയിലെ പിത്തോർഗഡിലുള്ള ധാർച്ചുലയിലാണ് ഗുഹ കണ്ടെത്തിയത്. ആദികൈലാസത്തിലേക്കുള്ള റൂട്ടിലെ ഗർബിയാങ് ഗ്രാമത്തിനും കാളി നദിക്കും സമീത്തുള്ള ഈ ഗുഹയിൽ ചരിത്രത്തിലെ അമ്പരിപ്പിക്കുന്ന നിഗൂഢതകൾ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
എട്ടാം നൂറ്റാണ്ടിന് മുമ്പുള്ള പുരാതന അവശിഷ്ടങ്ങൾ അന്വേഷിക്കാൻ ലക്ഷ്യമിട്ടുള്ള ഖനനത്തിലാണ് ഗുഹ കണ്ടെത്തിയത്. അസ്ഥികൂടമുൾപ്പെടയുള്ള പുരാതന അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിൽ നിന്ന് മുൻപും ലഭ്യമായിട്ടുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യർക്ക് മുൻപ് ഇവിടെ പ്രചാരം ലഭിച്ചിരുന്ന പുരാതന ടിബറ്റൻ ആത്മീയ പാരമ്പര്യമായ ബോൺ മതവുമായി ഗുഹയ്‌ക്ക് ബന്ധമുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടുതൽ കണ്ടെത്തലുകൾക്കും സ്ഥിരീകരണത്തിനുമായി കാർബൺ ഡേറ്റിങ്ങും DNA പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ വിശകലനങ്ങൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബോൺ മതത്തിലെ ശവസംസ്കാര രീതികളുമായി ഗുഹയ്‌ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 1901-ൽ സ്വിസ് പര്യവേക്ഷകരായ അർനോൾഡ് ഹെയിമും ഓഗസ്റ്റ് ഗാൻസറും ഈ പ്രദേശം ചുറ്റി സഞ്ചരിച്ചശേഷം തങ്ങളുടെ കണ്ടെത്തലുകൾ വെസ്റ്റേൺ ടിബറ്റ് ആൻഡ് ദി ബ്രൈറ്റേഷ ബോർഡർലാൻഡ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചാങ്‌രു വില്ലേജിന് സമീപമുള്ള ഒരു ഗുഹയിൽ മനുഷ്യ അസ്ഥികൂടങ്ങളുണ്ടെന്ന് അവർ വിവരിക്കുന്നുണ്ട്. ഇന്ത്യൻ ഗ്രാമമായ ബുധിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മറ്റൊരു ഗുഹയിലും മനുഷ്യ അസ്ഥികൾ ഉൾപ്പെടെയുളള അവശിഷ്ടങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവിടെ പരിശോധനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.