എലത്തൂർ: എടിഎമ്മിൽ നിറയ്‌ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം കവർന്ന സംഭവത്തിൽ കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാരാണ്. ഇയാളുടെ കയ്യും കാലും കയർകൊണ്ടുകെട്ടിയ നിലയിലായിരുന്നു. ദേഹമാസകലം മുളകുപൊടി വിതറിയിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
മീൻ കച്ചവടക്കാരൻ ഹാരിസ് കാട്ടിൽപീടികയിലെ തന്റെ കട തുറക്കാനെത്തിയപ്പോൾ കടയ്‌ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വെള്ളക്കാർ കണ്ടിരുന്നു. പിന്നാലെ കാറിൽ നിന്നും കരച്ചിൽ ശബ്‍ദവുംകേട്ടു. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും കരച്ചിൽ വീണ്ടും കേട്ടതോടെയാണ് സുഹൈലും നാട്ടുകാരും ചേർന്ന് കാർ പരിശോധിച്ചത്. പരിശോധനയിൽ കാറിന്റെ പിൻഭാഗത്തെ സീറ്റിനടിയിൽ ആരോ ഉണ്ടെന്ന് മനസിലായി. തുടർന്ന് നാട്ടുകാരാണ് ഡോർ തുറന്ന് യുവാവിനെ പുറത്തെടുക്കുന്നത്.
യുവാവ് കവർച്ച നടന്നതായി നാട്ടുകാരോട് വെളിപ്പെടുത്തി. കൊയിലാണ്ടി അരിക്കുളം കുരുടിമുക്കിൽ വച്ച് പർദ്ദ ധരിച്ച സ്ത്രീ കാറിന് കൈകാട്ടിയെന്ന് സുഹൈൽ പറയുന്നു. കാർ നിർത്തിയ ഉടനെ രണ്ടുപേർ അതിക്രമിച്ചു കയറി ഡ്രൈവിംഗ് സീറ്റിലിരുന്ന തന്നെ ബോധം കെടുത്തുകയായിരുന്നുവെന്നും സുഹൈൽ പൊലീസിനോട് പറഞ്ഞു.
കൊയിലാണ്ടി ഫെഡറൽ ബാങ്കിൽ നിന്ന് പിൻവലിച്ച് പത്തോളം ഇന്ത്യ വൺ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ സ്വകാര്യ ഏജൻസി കൊണ്ടുപോയ പണമാണ് മോഷ്ടിക്കപ്പെട്ടത്. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്‌ഐ ജിജേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Leave a Comment