തിരുവനന്തപുരം: ഗീതാകുമാരിയുടെയും മകൾ പ്ലസ് ടു വിദ്യാർത്ഥിനി ഗൗരിയുടെയും വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. മഴവന്നാൽ ചോർന്നൊലിക്കുന്ന ഒറ്റമുറി മൺകുടിലിൽനിന്നും അടച്ചുറപ്പുള്ളവീട്ടിലേക്ക് മാറണമെന്ന അവരുടെ സ്വപ്നത്തിന് ജീവൻ പകർന്നത് ബിജെപി നേതാവ് പികെ കൃഷ്ണദാസാണ്. മലയിൻകീഴ് മച്ചേൽ സ്വദേശികളായ അമ്മയ്‌ക്കും മകൾക്കുമുള്ള സ്നേഹവീടിന്റെ തറക്കല്ലിടീൽ കർമ്മം നിർവഹിക്കാനായ സന്തോഷം ബിജെപി നേതാവ് തന്നെയാണ് പങ്കുവച്ചത്.
രണ്ട് മാസം മുൻപാണ് ഒറ്റമുറിയുള്ള മൺകുടിലിൽ താമസിക്കുന്ന ഗൗരിയേയും അമ്മയെയും കാണാൻ ഇടയായതെന്നും അന്ന് നൽകിയ ഉറപ്പ് പാലിക്കാനായ നിർവൃതിയിലാണ് താനെന്നും കൃഷ്ണദാസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റ് ചെയർമാൻ പമ്പാവാസൻ നായരുടെയും കൃഷ്ണദാസ് പ്രസിഡൻ്റായി പ്രവർത്തിക്കുന്ന നമോസേവ കേന്ദ്രം കാട്ടാക്കടയുടേയും സഹകരണത്തോടെയാണ് വീട് നിർമ്മിച്ച് നൽകുന്നത്.
ഇന്ന് രാവിലെ 8.30 ന് നടന്ന ചടങ്ങിൽ ബിജെപി നേതാവും പമ്പാവാസൻ നായരും ചേർന്ന് വീടിന് തറക്കല്ല് പാകി. 180 ദിവസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഗീതാകുമാരിക്കും മകൾ ഗൗരിക്കും സ്വപ്നഭവനം നിർമ്മിച്ച് നൽകാനുള്ള ഉദ്യമത്തിൽ പങ്കാളികളായവർക്ക് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ നന്ദി അറിയിച്ചു.