ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മുഹമ്മദൻസ് എഫ്സിയെ വീഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്സ് എഫസിക്ക് രണ്ടാം ജയം. തുടർച്ചയായ സമനിലകൾക്കൊടുവിലെ ജയം കൊമ്പന്മാർക്ക് ആശ്വാസമായി. ക്വമെ പെപ്ര(67), ജീസസ് ജിമിനസ്(75) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ജയത്തോടെ എട്ടുപോയിൻ്റുമായി അഞ്ചാം സ്ഥാനത്ത് കയറാൻ കാെമ്പന്മാർക്കായി. ആദ്യ പകുതിയിൽ വലകുലുക്കിയത് മുഹമ്മദൻസായിരുന്നു.
കസിമോവാണ് പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടത്. ഫ്രാൻകയുടെ മുന്നേറ്റ ശ്രമം തടയാൻ ഗോളി സോം കുമാർ നടത്തിയ പ്രതിരോധമാണ് മുഹമ്മദൻസിന് പെനാൽറ്റി നൽകിയത്. മിർജാലോൽ കസിമോവ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് തുടർച്ചയായി ശ്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു.
ജിമിനസും നോഹയുമാണ് ആക്രമണങ്ങൾക്ക് ചരടുവലിച്ചത്.ഇതിനിടെ സുയ്‌ഡിക്കയുമായി കൂട്ടിയിടിച്ച് ലൂണയ്‌ക്ക് തലയ്‌ക്ക് പരിക്കേറ്റു. ബാൻഡേജ് ഇട്ടായിരുന്നു ക്യാപ്‌റ്റൻ കളി തുടർന്നത്. 67 മിനിട്ടിൽ നോഹയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ലൂണയുടെ പന്ത് സ്വീകരിച്ച സദൂയി ബോക്സിൽ ക്വാമെ പെപ്രയ്‌ക്ക് മറിച്ചു നൽകുകയായിരുന്നു. ഒഴിഞ്ഞ പോസ്‌റ്റിലേക്ക് പെപ്രയുടെ ഷോട്ട്. ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു.
നവോച്ചയുടെ ക്രോസിൽ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെയാണ് സ്‌പാനിഷുകാരൻ ബ്ലസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.















