വാരണാസി: രാജ്യത്ത് 6100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധയിടങ്ങളിലായി 23 പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. വാരണാസിയിൽ നടന്ന ചടങ്ങിലാണ് യുപിക്ക് പുറമേ പശ്ചിമബംഗാളിനും ബിഹാറിനും മധ്യപ്രദേശിനും ഗുണം ചെയ്യുന്ന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്.
കാഞ്ചി മഠത്തിന്റെ ഉടമസ്ഥതയിലുളള ആർജെ ശങ്കര കണ്ണാശുപത്രിയും രാവിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആരോഗ്യസേവനം നൽകുന്നതിൽ ആശുപത്രിക്ക് മികച്ച പ്രവർത്തനം നടത്താനാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രായമായവർക്കും കുട്ടികൾക്കും ആർജെ കണ്ണാശുപത്രിയുടെ സേവനം വളരെയേറെ പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വാരണാസി ലാൽബഹദൂർ ശാസ്ത്രി വിമാനത്താവളത്തിലെ പുതിയ ടെർമിനലിനും റൺവേ നിർമാണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. 2870 കോടി രൂപയുടെ പദ്ധതിയാണിത്. ഇതുൾപ്പെടെ 3200 കോടി മുതൽമുടക്ക് വരുന്ന 16 പദ്ധതികൾ വാരണാസിയിലാണ്. ഖേലോ ഇന്ത്യ പദ്ധതിയിലും സ്മാർട്ട് സിറ്റി പദ്ധതിയിലും ഉൾപ്പെടുത്തി നിർമിക്കുന്ന വാരണാസിയിലെ സ്‌പോർട്‌സ് കോംപ്ലെക്‌സിന്റെ രണ്ടും മൂന്നും ഘട്ട പുനർവികസന പദ്ധതികളും ഇതിലുൾപ്പെടും.
പ്രാദേശിക മേഖലാ കണക്ടിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുളള ഉഡേ ദേശ് കാ ആം നാഗരിക് പദ്ധതിക്ക് കീഴിൽ മദ്ധ്യപ്രദേശിലെ റേവ വിമാനത്താവളം, ഛത്തീസ്ഗഢിൽ അംബികാപൂരിലെ മാ മഹാമായ വിമാനത്താവളം, സർസാവ വിമാനത്താവളം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 220 കോടി മുതൽമുടക്കിലാണ് ഈ പദ്ധതികൾ.
വടക്കൻ പശ്ചിമബംഗാളിലെ സിലിഗുരിക്ക് സമീപമുളള ബഗ്‌ദോഗ്ര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതികൾക്കും പ്രധാനനമന്ത്രി തറക്കല്ലിട്ടു. 1550 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാക്കുക. എ 321 വിമാനങ്ങൾക്കുളള പത്ത് പാർക്കിംഗ് ബേകൾ ഉൾപ്പെടെയാണ് നിർമിക്കുക. മൾട്ടി ലെവൽ കാർ പാർക്കിംഗ് ഫെസിലിറ്റിയും പദ്ധതിയിലുണ്ട്. നിലവിൽ അറുപതോളം വിമാന സർവ്വീസുകൾ ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 8000 ത്തോളം യാത്രക്കാരാണ് പ്രതിദിനം ഈ വിമാനത്താവളത്തെ ആശ്രയിക്കുന്നത്.
ആഗ്ര, ധർഭംഗ വിമാനത്താവളങ്ങളിലെ പുതിയ ടെർമിനലുകളുടെ നിർമാണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വെർച്വൽ രീതിയിലാണ് വാരണാസിക്ക് പുറത്തുളള പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.