ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം തകർത്തുവെന്നും, ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കാനഡയിലെ ഇന്ത്യൻ പ്രതിനിധിയായിരുന്ന സഞ്ജയ് കുമാർ ശർമ്മ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ സഞ്ജയ് കുമാർ ശർമ്മയ്ക്ക് പങ്കുണ്ടെന്ന ആരോപണം ട്രൂഡോ ഉയർത്തിയിരുന്നു. എന്നാൽ ഇൗ ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും, തികച്ചും രാഷ്ട്രീയപ്രേരിതമായ ആരോപണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് കുമാർ ശർമ്മയുടെ പ്രതികരണം. ആരോപണങ്ങളിന്മേൽ ഒരു ചെറിയ തെളിവ് പോലും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ട്രൂഡോ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നും, സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്തംബർ മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
”എന്തിന്റെ പേരിലാണ് കാനഡ എന്നെ ചോദ്യം ചെയ്യണമെന്ന് പറയുന്നത്. ഒരാൾ ഒരു കുറ്റകൃത്യം ചെയ്തുവെന്ന് കണ്ടെത്തിയാൽ തീർച്ചയായും അതിന്റെ തെളിവുകൾ ആ വ്യക്തിയ്ക്കോ, അല്ലെങ്കിൽ ബന്ധപ്പെട്ടവർക്കോ കൈമാറും. ഒരു ചെറിയ കുറ്റകൃത്യത്തിന്റെ പേരിൽ പിടിക്കപ്പെടുകയാണെങ്കിൽ പോലും അത് സംഭവിക്കും. എന്നെ ചോദ്യം ചെയ്യണമെന്ന് അവർ പറയുന്നുണ്ടെങ്കിൽ അത് എന്തിന്റെ പേരിലാണെന്ന് അറിയേണ്ടതുണ്ടെന്നും” സഞ്ജയ് കുമാർ ശർമ്മ പറയുന്നു.
ജപ്പാൻ, സുഡാൻ, ഇറ്റലി, തുർക്കി, വിയറ്റ്നാം, ചൈന തുടങ്ങീ ഒട്ടേറെ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ച മുതിർന്ന നയതന്ത്രജ്ഞന്മാരിലൊരാളാണ് സഞ്ജയ് കുമാർ ശർമ്മ. അദ്ദേഹത്തിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ കാനഡ ഉയർത്തിയ ആരോപണങ്ങളിന്മേൽ ഇന്ത്യ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ സഞ്ജയ് കുമാർ ശർമ്മ ഉൾപ്പെടെ ആറ് ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. കാനഡയിൽ താമസിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദികളോട് മൃദുസമീപനം പുലർത്തുകയും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാനഡയുടെ നിലപാടിനെതിരെ പല തവണ ഇന്ത്യ പരസ്യമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.