ശ്രീനഗർ: ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാസേന. ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു.
ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരനെ വധിച്ച ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 01XAK തോക്ക്, 02XAK മാഗസീൻസ്, 57XAK റൗണ്ട്‌സ്, 02X വെടിയുണ്ടകൾ, 03X വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. പ്രദേശത്ത് നുഴഞ്ഞുക്കയറ്റം തടയുന്നതിനുള്ള ശ്രമങ്ങളും സംയുക്തമായി ആരംഭിച്ചതായി സൈന്യം വ്യക്തമാക്കി.
അതേസമയം കശ്മീരിലെ ഗന്ദേർബൽ ഏരിയയിലുണ്ടായ ഭീകരാക്രമണത്തിൽ ഇതര സംസ്ഥാനക്കാരായ അഞ്ച് തൊഴിലാളികളെയും ഒരു ഡോക്ടറെയും ഭീകരർ കൊലപ്പെടുത്തി. തുരങ്കപാത നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മധ്യ കശ്മീരിലെ ഗന്ദേർബാൽ ജില്ലയിൽ ഗഗനീറിനെ സോനംമാർഗിലേക്ക് ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമാണ പ്രവർത്തനമാണ് പ്രദേശത്ത് നടന്നിരുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.