മലപ്പുറം : സെൽഫി എടുക്കാനും മറ്റുമായി പാളത്തിൽ ഇരിക്കുന്ന കുട്ടികൾക്ക് മുന്നറിയിപ്പുമായി ആർ പി എഫ്. ഹോൺ മുഴക്കി ട്രെയിൻ എത്തിയാൽ പോലും താനൂരിലെ സ്കൂൾ കുട്ടികൾ പാളത്തിൽ നിന്ന് മാറുന്നില്ലെന്നാണ് ലോക്കോ പൈലറ്റുമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . തുടർന്ന് സ്കൂളിൽ നേരിട്ടെത്തി മുന്നറിയിപ്പ് നൽകുകയായിരുന്നു ആർപിഎഫ്.
പാളത്തിൽ അശ്രദ്ധമായി നിൽക്കാൻ പാടില്ലെന്നും കർശനമായ നടപടി എടുക്കുമെന്നും ആർപിഎഫ് കാട്ടിലങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തിയാണ് ആർ പി എഫ് വിദ്യാർത്ഥികളെ അറിയിച്ചത്. ഇനിയും ആവർത്തിച്ചാൽ രക്ഷിതാക്കൾക്കെതിരെയും നടപടിയുണ്ടാകും.
പാളത്തിനു നടുവിലൂടെയുള്ള നടത്തം, പാളത്തിൽ കയറി സെൽഫിയെടുക്കൽ, സ്റ്റേഷനിൽ കൂട്ടംകൂടിനിന്ന് അപരിചിതരുമായുള്ള ചങ്ങാത്തംകൂടൽ തുടങ്ങിയ വിഷയങ്ങൾ പോലീസ് പ്രിൻസിപ്പലിനെ ധരിപ്പിച്ചു.
ആറു മാസങ്ങൾക്കുമുൻപ് ഗവ. ദേവധാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പാളത്തിലൂടെ നടക്കുമ്പോൾ ട്രെയിനിനു മുന്നിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട സംഭവത്തിൽ ലോക്കോ പൈലറ്റ് പ്രഥമാധ്യാപികയ്‌ക്ക് വാട്സാപ്പ് സന്ദേശം അയച്ചതും വാർത്തയായിരുന്നു.















