എറണാകുളം: ഡ്രോൺ ഉപയോഗിച്ച് മട്ടാഞ്ചേരി സിനഗോഗ് ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നിരോധിത മേഖലയിൽ അതിക്രമിച്ച് കടന്ന് ചിത്രമെടുക്കാൻ ശ്രമിച്ച കാക്കാനാട് സ്വദേശി ഉണ്ണികൃഷ്ണൻ, കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. നിരോധിത മേഖലയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചിയിൽ നിരോധിത മേഖലകളായ ഷിപ്പ് യാർഡ്, നേവൽ ബേസ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിൻ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി മറൈൻ ഡ്രൈവ്, ബോൾഗാട്ടി, പുതുവൈപ്പ് എൽഎൻജി ടെർമിനൽ, ബിപിസിഎൽ, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, അമ്പലമുകൾ റിഫൈനറി, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണ്.
കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരവും സിവിൽ ഏവിയേഷന്റെ മാർഗനിർദേശങ്ങളും അനുസരിച്ച് മാത്രമേ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുവാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. റെഡ് സോൺ മേഖലയിൽ അതിക്രമിച്ച് കയറുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ നിയമലംഘകർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.