കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ബിജെപി. കനത്ത പ്രതിഷേധം ഉയർത്തിയതോടെ വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് മർദ്ദിച്ചെന്നാണ് പരാതി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടടിയുള്ളൊരു ലാത്തീംകാട്ടി അടിച്ചൊതുക്കാൻ നോക്കേണ്ടെന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് പൊലീസിനെ പ്രതിഷേധിക്കാർ പ്രതിരോധിച്ചു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കണ്ണൂർ ജില്ലാ കളക്ടറെ ചുമതലയിൽ നിന്ന് മാറ്റി നിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേഷാണ് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മിന്റേത് മനുഷ്യത്വ വിരുദ്ധമായ നിലപാടാണെന്ന് എംടി രമേഷ് വിമർശിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് സകല ക്രിമിനൽ പ്രവൃത്തികളുടെയും കേന്ദ്രമായി മാറുകയാണ്. കണ്ണൂർ ജില്ലാ കളക്ടർ ഈ കൃത്യത്തിന് കൂട്ടുനിന്നു. കളക്ടർ ഇടപെട്ടിരുന്നെങ്കിൽ എഡിഎം ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം ജില്ലയിൽ നടന്ന സംഭവമായിട്ട് പോലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പി.പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നത് പകൽ പോലെ വ്യക്തം. ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കാരണമാണെന്നും ദിവ്യയോടൊപ്പമാണ് മുഖ്യമന്ത്രിയെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുത്തിട്ടും അറസ്റ്റ് വൈകുന്ന സാഹചര്യത്തിലായിരുന്നു ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്.