എറണാകുളം: യഹിയ സിൻവറിന് കേരളത്തിൽ മയ്യത്ത് നമസ്കാരം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. ദൈവത്തിന്റെ സ്വന്തം നാട് മറ്റൊരു ലെബനൻ ആകാൻ അധികം താമസമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലോകത്തെവിടെങ്കിലും ഒരു തീവ്രവാദി കൊല്ലപ്പെടുമ്പോൾ കേരളത്തിൽ മയ്യത്തു നിസ്കാരം നടത്തുന്നതും തീവ്രവാദിക്ക് അഭിവാദ്യമർപ്പിച്ചു റാലികൾ സംഘടിപ്പിക്കുന്നതുമാണ് കേരളത്തിലെ മതേതരത്വമെന്ന് അദ്ദേഹം വിമർശിച്ചു. ഇസ്രായേൽ സേനയുടെ പ്രത്യേക ഓപ്പറേഷനിൽ ഹമാസ് ഭീകരനേതാവ് യഹിയ സിൻവറിനെ വധിച്ചതിന് പിന്നാലെ കേരളത്തിൽ മയ്യത്ത് നമസ്കാരം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് ഷോൺ ജോർജിന്റെ വാക്കുകൾ.
“ലോകത്തെവിടെങ്കിലും ഒരു തീവ്രവാദി കൊല്ലപ്പെടുമ്പോൾ കേരളത്തിൽ മയ്യത്തു നിസ്കാരവും പോരാളിയെന്ന വാഴ്‌ത്തുപാട്ടുകളും, തീവ്രവാദിക്ക് അഭിവാദ്യമർപ്പിച്ച് റാലികളും.. റാലികൾ സ്പോൺസർ ചെയ്യാൻ ഭരണ പ്രതിപക്ഷ മുന്നണികളും..
ഇന്ത്യൻ വ്യവസായ ലോകത്തെ കൈപിടിച്ച് നടത്തിയ രത്തൻ ടാറ്റ, കൈയിൽ ചോര പുരണ്ടവൻ എന്ന് ചർച്ച നടത്തുന്ന ചാനലുകാരൻ സമുദായത്തിന്റെ ഹീറോ,
ഒരു സമൂഹത്തെ മുഴുവൻ അരക്ഷിതാവസ്ഥയാലേയ്‌ക്ക് തള്ളിവിട്ട തീവ്രവാദി പോരാളിയെ സിംഹം എന്ന് വാഴ്‌ത്തുന്ന മാദ്ധ്യമങ്ങൾ മതേതരം..
ഇത്തരം വാർത്തകളും ചർച്ചകളും നടത്തുന്ന ചാനലിനെ നിരോധിച്ച കേന്ദ്രസർക്കാർ കാണിക്കുന്നത് ഫാസിസം.
ഇതൊക്കെയാണ് ഈ കേരളത്തിൽ നടക്കുന്നത്. വൺ സൈഡ് മതേതരത്വം..
സർവ്വ സീമകളും ലംഘിച്ച് തീവ്രവാദത്തിലേയ്‌ക്ക് നീങ്ങുന്നു.
ഇതൊക്കെ ഈ സമൂഹത്തോട് വിളിച്ചു പറഞ്ഞ പിസി ജോർജ് 916 വർഗ്ഗീയവാദി.
ഇതൊക്കെ പറഞ്ഞാൽ തകരുന്ന മതേതരത്വം തകരട്ടെ.
ദൈവത്തിന്റെ സ്വന്തംനാട് മറ്റൊരു ലെബനൻ ആവാൻ അധികം താമസമില്ല.” – ഷോൺ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
യഹിയ സിൻവറിന് വേണ്ടി സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷനായിരുന്നു മയ്യത്ത് നമസ്കാരം നടത്തിയത്. ജമാത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് സെക്രട്ടറി സമദ് കുന്നക്കാവ് നമസ്ക്കാരത്തിന് നേതൃത്വം നൽകിയെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു. ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.