തിരുവനന്തപുരം: ക്ഷേത്രങ്ങൾക്കുള്ളിൽ നിയമവിരുദ്ധമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ സർക്കുലർ ഇറക്കിയത്.
ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ദേവസ്വം ബോർഡിന്റെ നീക്കം. സർക്കുലർ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങൾക്കുള്ളിൽ ഇടത് യൂണിയൻ ഭാരവാഹികൾ ഫ്ളക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങൾ പതിച്ച ബോർഡുകളാണ് സ്ഥാപിച്ചത്.
തിരുവിതാംകൂർ സബ് ഓഫീസർമാർക്കും ഫ്ളക്സ് ബോർഡുകളുടെ മാതൃക വിതരണം ചെയ്തിരുന്നു. സംഭവത്തിൽ ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കോടതി നിർദേശത്തെ മാനിക്കാതെയാണ് ദേവസ്വം ബോർഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ.