ന്യൂഡൽഹി: ഒരാഴ്ചയ്‌ക്കിടെ നൂറോളം വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. സുരക്ഷയ്‌ക്കാണ് ഏറ്റവുമധികം പ്രധാന്യം നൽകുന്നതെന്നും വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവരെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിയമനിർമ്മാണം നടത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഇത് വളരെ സെൻസിറ്റീവായ സാഹചര്യമാണ്. ഭീഷണികൾ നിസാരമായി കണക്കാക്കാൻ കഴിയില്ല. ഒരാഴ്ചയ്‌ക്കിടെ എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതുപോലെ ബോംബ് ഭീഷണികൾ ഉയരുമ്പോൾ പാലിക്കേണ്ടതായിട്ടുള്ള ചില അന്താരാഷ്‌ട്ര നടപടിക്രമങ്ങളുണ്ട്. അത് പാലിച്ചേ മതിയാകൂ. വ്യാജ ഭീഷണികൾ വർദ്ധിച്ചപ്പോൾ സ്റ്റേക്ക്ഹോൾഡർമാരുമായി ചർച്ചകൾ നടത്തിയിരുന്നു. വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. വ്യോമയാന സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തി, കേസിലെ പ്രതികളെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. – കേന്ദ്രമന്ത്രി അറിയിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി തുടരുന്ന വ്യാജ ബോംബ് ഭീഷണി കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വിമാനക്കമ്പനികൾ നേരിടുന്നത്. കുറ്റവാളികളെ കണ്ടെത്തിയാൽ ഇവരുടെ വിമാനയാത്ര വിലക്കാനാണ് സർക്കാർ തീരുമാനം.















