മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് നക്സലുകൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നക്സൽ പ്രവർത്തകരുടെ സജീവ മേഖലയാണ് ഗഡ്ചിറോളി. ഇവിടെ നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പൊലീസ് ഇടപെടലിലാണ് നാല് പേർ കൊല്ലപ്പെട്ടത്.
രണ്ട് ദിവസം മുൻപായിരുന്നു മേഖലയിൽ രണ്ട് നക്സലുകൾ പൊലീസിന് മുൻപിൽ കീഴടങ്ങിയത്. ഇരുവരും ദമ്പതികളാണ്. തലയ്‌ക്ക് എട്ട് ലക്ഷം രൂപ വിലയിട്ടവരാണ് ആയുധമുപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരാൻ തയ്യാറായത്.
2026 ആകുമ്പോഴേക്കും ഇന്ത്യയെ നക്സൽമുക്ത രാജ്യമാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി രാജ്യത്തെ നക്സൽ ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ വ്യാപകമായി പുരോഗമിക്കുകയാണ്. ആയുധം ഉപേക്ഷിച്ച് എല്ലാ നക്സലുകളും കീഴടങ്ങണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചിരുന്നു.