സാധാരണക്കാരുടെ ഗതാഗതമാർഗമാണ് ട്രെയിൻ. എന്നാൽ ട്രെയിനിൽ യാത്ര പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ കയ്യിലോ ബാഗിലോ കൊണ്ടുപോകാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇത്തരം സാധനങ്ങൾ കൈവശം വച്ചാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ പിഴ അടയ്‌ക്കുകയോ ജയിലിൽ കിടക്കുകയോ വേണ്ടി വന്നേക്കാം. അതുകൊണ്ട് ട്രെയിൻ യാത്രയ്‌ക്ക് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..
സ്റ്റൗ, ഗ്യാസ് സിലിണ്ടർ (ഗ്യാസ് നിറച്ചതും അല്ലാത്തവയും), കത്തിപ്പടരാൻ സാധ്യതയുള്ള രാസവസ്തുക്കൾ, പടക്കം, ആസിഡ്, രൂക്ഷ ഗന്ധമുള്ള വസ്തുക്കൾ, ലെതർ, എണ്ണ, ഗ്രീസ്, ആയുധങ്ങൾ എന്നിവ കൈവശം വച്ച് ട്രെയിൻ യാത്ര പാടുള്ളതല്ല. ഇത്തരം സാധനങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്ന് കണ്ടെത്തിയാൽ റെയിൽവേ നിയമം സെക്ഷൻ 164 പ്രകാരം നിങ്ങൾക്കെതിരെ കേസെടുക്കും.
കുറ്റകരമായ ലേഖനങ്ങൾ, പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ, ചത്ത കോഴി, കാട, താറാവ് തുടങ്ങിയവ ഒന്നും തന്നെ ട്രെയിൻ യാത്രയിൽ കൂടെ കരുതാൻ പാടില്ല. വളർത്തുമൃഗങ്ങളെ കൊണ്ടുപോകണമെങ്കിൽ അതിന് പ്രത്യേകം പേയ്മെന്റ് നടത്തേണ്ടതാണ്. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ യാത്ര ചെയ്യേണ്ടി വരുന്ന രോഗികൾ നിർബന്ധമായും കയ്യിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതണം.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം മാർഗനിർദേശങ്ങൾ റെയിൽവേ പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളും അപകടങ്ങളും ഒഴിവാക്കാനാണ് ഇത്തരം നിർദേശം.