ഇസ്ലാമാബാദ്: വിശ്വാസികളുടെ നീണ്ടനാളായുള്ള കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവിൽ ക്ഷേത്ര പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് പാകിസ്താൻ. പഞ്ചാബ് പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനാണ് പാക് സർക്കാർ 10 മില്യൺ അനുവദിച്ചത്. 64 വർഷമായി അടച്ചിട്ടിരിക്കുന്ന ക്ഷേത്രത്തിനാണ് ഇതോടെ ശാപമോക്ഷം ലഭിച്ചിരിക്കുന്നത്.
പാകിസ്താനിലെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേൽനോട്ടമുള്ള ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ETPB) ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സഫർവാളിലെ നരോവാൾ ജില്ലയിൽ രവി നദിയുടെ പടിഞ്ഞാറൻ തീരത്തായാണ് ബവോലി സാഹിബ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1960 മുതൽ ഇവിടെ പൂജകളോ മറ്റ് ചടങ്ങുകളോ നടക്കുന്നില്ല. ക്ഷേത്രം അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്.
ഏകദേശം 1453 ഹിന്ദുക്കൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന നരോവാൾ ജില്ലയിൽ വിശ്വാസികൾക്ക് വേണ്ടി ഒരു ക്ഷേത്രം പോലും നിലവിലില്ല. ഇത് കാരണം വിശ്വാസികൾ വീട്ടിലോ തൊട്ടടുത്ത ജില്ലകളിലെ അമ്പലങ്ങളിലോ ആണ് പൂജാകർമ്മങ്ങൾ ചെയ്തിരുന്നത്. ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് ക്ഷേത്രങ്ങളുടെ മേൽനോട്ടം ഏറ്റെടുത്തതോടെയാണ് ഈ ദുരവസ്ഥയിലേക്ക് എത്തിയതെന്ന് വിശ്വാസികൾ ആരോപിക്കുന്നു. കൃത്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താതെ ജില്ലയിലെ 45 ക്ഷേത്രങ്ങളും അടച്ചുപൂട്ടി.
പാകിസ്താനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് ഹിന്ദുക്കൾ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്നത്.