പ്രശാന്ത് നീൽ കഥ എഴുതി സൂരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന കന്നഡ ചിത്രം ബഗീരയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ അതിഗംഭീരമായ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷൻസിന് പ്രാധാന്യം നൽകുന്നതും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നതുമായ ട്രെയിലറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്.
സലാറിനും കെജിഎഫിനും ശേഷം പ്രേക്ഷകരെ കൈയ്യിലെടുക്കാൻ എത്തുകയാണ് ബഗീരയുമായി പ്രശാന്ത് നീൽ. ശ്രീമുരളിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. ഗംഭീര മേക്കിംഗാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെയാണ് ബിഗ് ബജറ്റ് ചിത്രമായ ബഗീര അണിയറയിൽ ഒരുങ്ങുന്നത്.
ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബർ 31-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു ദൈവിക ശക്തിയെ കുറിച്ച് അമ്മയും മകനും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ് ട്രെയിലർ തുടങ്ങുന്നത്. രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, രംഗയാന രഘു, അച്യുത് കുമാർ, ഗരുഡ റാം തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഡബിൾ റോളിലാണ് ശ്രീമുരളി ചിത്രത്തിൽ എത്തുന്നത്.















