ചെന്നൈ: ജനസംഖ്യയിലെ കുറവുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ സീറ്റുകൾ നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്ന ചർച്ചകൾക്ക് പിന്നാലെ 16 കുട്ടികളായാലും കുഴപ്പമില്ലെന്ന ഉപദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ സമൂഹവിവാഹ വേദിയിലായിരുന്നു സ്റ്റാലിന്റെ പരാമർശം.
ഇപ്പോൾ നവദമ്പതികളെ അനുഗ്രഹിക്കുന്ന രീതികൾ അപ്പാടെ മാറിയെന്ന് പറഞ്ഞായിരുന്നു സ്റ്റാലിന്റെ വാക്കുകൾ. പഴമക്കാർ നവദമ്പതികളെ അനുഗ്രഹിച്ചിരുന്നത് പശുവും ഭൂമിയും കുട്ടികളും വിദ്യാഭ്യാസവും ഉൾപ്പെടെ 16 തരത്തിലുളള സമ്പത്ത് ഉണ്ടാകട്ടെയെന്നായിരുന്നു. ആ അനുഗ്രഹത്തിന്റെ അർത്ഥം ഒരിക്കലും 16 കുട്ടികൾ വേണമെന്നല്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ അങ്ങനെ ആകാമെന്ന് ആളുകൾ ചിന്തിച്ചുപോകും. അതായത് ചെറിയ സമ്പന്ന കുടുംബമായി മാറരുതെന്നും സ്റ്റാലിൻ പ്രത്യേകം ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് തമിഴ് പേരുകൾ ഇടണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങളുടെ ഡീലിമിറ്റേഷനുമായി (അതിർത്തി പുനർനിർണയം) ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്ക പങ്കുവെച്ചിരുന്നു. മൊത്തം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 753 ലേക്ക് ഉയർത്താനാണ് തീരുമാനിക്കുന്നതെങ്കിലും കേരളത്തിനും തമിഴ്‌നാടിനും കർണാടകയ്‌ക്കും സീറ്റുകളിൽ കാര്യമായ മാറ്റം ഉണ്ടാകില്ല. എന്നാൽ യുപിയിൽ നിലവിലെ 80 സീറ്റുകളിൽ നിന്നും 126 സീറ്റുകളായി ഉയരും.
തമിഴ്‌നാടിന് 39 സീറ്റുകളിൽ നിന്ന് 41 ലേക്ക് മാത്രമായിരിക്കും വർദ്ധന. കർണാടകയിൽ 28 ൽ നിന്ന് 36 ലേക്ക് വർദ്ധിക്കും. എന്നാൽ കേരളത്തിന് നിലവിലെ 20 ൽ നിന്ന് ഒരു സീറ്റ് കുറയാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ. ഇനി നിലവിലെ എണ്ണം തന്നെ നിലനിർത്തി സീറ്റുകൾ പുനക്രമീകരിക്കാനാണ് തീരുമാനമെങ്കിൽ കേരളത്തിനും തമിഴ്‌നാടിനും എട്ട് സീറ്റുകൾ വീതം നഷ്ടമായേക്കും. യുപിക്ക് 11 സീറ്റുകളും ബിഹാറിന് 10 സീറ്റുകളും അധികമായി ലഭിക്കും.
ജനസംഖ്യാ നിയന്ത്രണം പാലിക്കുന്ന സംസ്ഥാനങ്ങളെ ഡീലിമിറ്റേഷന്റെ പേരിൽ ശിക്ഷിക്കുന്ന നടപടി ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ തമിഴ്‌നാട് നിയമസഭയിൽ ഡിഎംകെ പ്രമേയം പാസാക്കിയെടുത്തിരുന്നു.















