പാലക്കാട്: തമ്മിലടിച്ചും തൊഴുത്തിൽകുത്തിയും ഇടത് – വലത് മുന്നണികൾ പതിവ് രാഷ്‌ട്രീയ നാടകങ്ങൾ ആവർത്തിക്കുന്നതിനിടെ പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി. എൻഡിഎ സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ നയിച്ച റോഡ് ഷോ യഥാർത്ഥത്തിൽ മുന്നണിയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.
വൈകിട്ട് മോയൻസ് സ്‌കൂളിന്റെ പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങളാണ് അണിനിരന്നത്. മണ്ഡലത്തിൽ വർഷങ്ങളോളം സജീവമായ സി കൃഷ്ണകുമാർ വിപുലമായ വ്യക്തിബന്ധങ്ങൾ വോട്ടുകളായി മാറുമെന്ന വിശ്വാസത്തിലാണ്. പല തവണ ഇഞ്ചോടിച്ചു പോരാട്ടത്തിന് നഷ്ടമായ സീറ്റ് ഇക്കുറി പിടിച്ചെടുക്കാൻ ഉള്ള ഉറച്ച തീരുമാനത്തിലാണ് എൻഡിഎ.
എൽഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തികളും ഇരുകൂട്ടരുടെയും നിലപാടുകളോടുളള വിയോജിപ്പുകളും എൻഡിഎയ്‌ക്ക് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് സരിന്റെ പാർട്ടിമാറ്റവും രാഹുൽ മണ്ഡലത്തിന് പുറത്തുനിന്നാണെന്നതും എൻഡിഎയ്‌ക്ക് അനുകൂലമായ ജനവിധിയിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തൽ. വികസന രാഷ്‌ട്രീയം തന്നെ മുഖ്യപ്രചരണവിഷയം ആക്കിയാണ് എൻഡിഎ കളം നിറയുന്നത്.
രാവിലെ കൽപ്പാത്തി, മൂത്താൻതറ, അയ്യപുരം, നൂറണി എന്നിവിടങ്ങളിൽ സി കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് പര്യടനം നടത്തിയിരുന്നു. പോകുന്നിടത്തെല്ലാം ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്ഥാനാർത്ഥി പറയുന്നു. വരും ദിവസങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കൾ കൂടി രംഗത്തിറങ്ങുന്നതോടെ പ്രചാരണം കൂടുതൽ സജീവമാകുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.















