ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ നിഷേധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എസ് ജയശങ്കറിന്റെ സന്ദർശനം ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തിൽ നല്ല മാറ്റങ്ങൾക്കുള്ള തുടക്കമായിരിക്കുമെന്ന് നവാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
എസ്‌സിഒയിലെ നല്ല അംഗമെന്ന നിലയിലാണ് പാകിസ്താനിലെത്തിയതെന്നും, മറിച്ചുള്ള എല്ലാ വാദങ്ങളും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ”ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷനിലെ നല്ലൊരു അംഗമാണ് ഞാൻ. അതിന്റെ നടപടിക്രമങ്ങൾ സുഗമമായി നടക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് എല്ലാവിധ പിന്തുണയും ഞങ്ങൾ നൽകി. അതുകൊണ്ട് കൈ കൊടുത്തു, തിരിച്ച് വന്നു” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഉച്ചകോടിയിൽ പങ്കെടുത്തവർക്കായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഒരുക്കിയ അത്താഴവിരുന്നിനെ പരാമർശിച്ചായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. ഔദ്യോഗിക
വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മിൽ ഹസ്തദാനം ചെയ്യുകയും, പരസ്പരം ആശംസകൾ കൈമാറുകയും ചെയ്തിരുന്നു. ഇരുപത് സെക്കന്റിൽ താഴെ മാത്രമാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയം നീണ്ടതെന്നാണ് റിപ്പോർട്ടുകൾ.
പത്ത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തിയത്. 2015ൽ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് ആണ് അവസാനമായി പാകിസ്താനിൽ സന്ദർശനം നടത്തിയത്. എസ്‌സിഒ ഉച്ചകോടിയിലും പാകിസ്താന്റെ പേര് എടുത്ത് പറയാതെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തീവ്രവാദത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച അദ്ദേഹം, അതിർത്തി കടന്നുള്ള തീവ്രവാദം എല്ലാ മേഖലകളിലുമുള്ള സഹകരണത്തെ ഇല്ലാതാക്കുമെന്നും വ്യക്തമാക്കിയിരുന്നു.















