ന്യൂഡൽഹി: കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. 2022 ഒക്ടോബറിൽ ഇസ്ലാമിക് സ്റ്റേറ്റ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജമേഷ മുബിൻ എന്ന ചാവേർ കോയമ്പത്തൂരിൽ കാർ ബോംബ് സ്ഫോടനം നടത്തിയ സംഭവത്തിലാണ് കൂടുതൽ പ്രതികളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി.
അബൂ ഹനീഫ, സരൻ മാരിയപ്പൻ, പവാസ് റഹ്മാൻ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഭീകരാക്രമണം നടത്താൻ പണം സമാഹരിച്ച് നൽകിയവരാണ് ഇവരെന്ന് എൻഐഎ പറയുന്നു. കോവായ് അറബിക് കോളേജിലെ അദ്ധ്യാപകനായിരുന്നു അബൂ ഹനീഫ. ചാവേറായി കൊല്ലപ്പെട്ട ജമേഷ മുബിനും അറസ്റ്റിലായ മറ്റ് ചിലരും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരായത് അബൂ ഹനീഫ അദ്ധ്യാപകനായി പഠിപ്പിക്കുന്ന കോളേജിൽ വച്ചാണെന്നും എൻഐഎ ചൂണ്ടിക്കാട്ടി.
ഇസ്ലാം മതത്തിൽ വിശ്വസിക്കാത്തവരോടും കാഫിറുകളോടും പ്രതികാരം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടനായ ജമേഷ മുബിൻ ചാവേറായി എത്തി കാർ ബോംബ് സ്ഫോടനം നടത്തിയത്. 2022 ഒക്ടോബർ 23ന് കോയമ്പത്തൂരിലെ ഉക്കടത്ത് കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട വാഹനത്തിൽ ഐഇഡി സ്ഥാപിച്ചായിരുന്നു ചാവേറാക്രമണം. കേസിൽ നേരത്തെ അറസ്റ്റിലായ 14 പ്രതികൾക്കെതിരെ നാല് കുറ്റപത്രങ്ങൾ ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിൽ ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ചിരുന്നു.