ധാക്ക: രാജ്യം വിടുന്നതിന് മുമ്പ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് തന്റെ പക്കൽ രേഖകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞു. ബംഗ്ലാദേശിൽ അന്നത്തെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ മതമൗലികവാദികൾ ശക്തമായി കലാപം നടത്തിയിരുന്നപ്പോഴാണ് അവർ രാജ്യം വിട്ടത്. ഈ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിലാണ് രാഷ്‌ട്രപതിയുടെ പ്രസ്താവന.
രാജ്യം വിടുന്നതിന് മുമ്പ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതായി താൻ കേട്ടിട്ടുണ്ടെന്നും എന്നാൽ ഇതിന് രേഖാമൂലമുള്ള തെളിവുകൾ തന്റെ പക്കലില്ലെന്നും രാഷ്‌ട്രപതി പറഞ്ഞതായി ബംഗ്ളാദേശി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഏറെ ശ്രമിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താനായില്ല. ഒരുപക്ഷേ ഷെയ്ഖ് ഹസീനയ്‌ക്ക് സമയമില്ലായിരുന്നിരിക്കും” അദ്ദേഹം പറഞ്ഞു
“ഓഗസ്റ്റ് അഞ്ചിന് രാവിലെ 10:30 ഓടെ, ബംഗഭബനിനടുത്തുള്ള ഹസീനയുടെ വസതിയിൽ നിന്ന് ഒരു കോൾ വന്നു. ഹസീനക്ക് എന്നെ കാണണമെന്ന് പറഞ്ഞു അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം മറ്റൊരു കോൾ വന്നു. അവർ വരുന്നില്ല എന്ന് പറഞ്ഞു. എല്ലായിടത്തുനിന്നും അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് പരിശോധിക്കാൻ ഞാൻ എന്റെ സൈനിക സെക്രട്ടറി ജനറൽ മുഹമ്മദ് ആദിൽ ചൗധരിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിനും ഒരു വിവരവും ഇല്ലായിരുന്നു. തുടർന്ന് ഹസീന രാജ്യം വിട്ടതായി വിവരം ലഭിച്ചു”. പ്രസിഡന്റ പറഞ്ഞു.
“എന്തായാലും, സൈനിക മേധാവി ജനറൽ വക്കർ ബംഗബബനിൽ വന്നപ്പോൾ, പ്രധാനമന്ത്രി രാജിവച്ചോ എന്ന് അന്വേഷിക്കാൻ ഞാൻ ശ്രമിച്ചു. ഉത്തരം ഒന്നുതന്നെയായിരുന്നു: അവർ രാജിവച്ചതായി അദ്ദേഹം കേട്ടു എന്ന് മാത്രം.”
“എല്ലാം നിയന്ത്രണത്തിലായപ്പോൾ ഒരു ദിവസം ക്യാബിനറ്റ് സെക്രട്ടറി രാജിക്കത്തിന്റെ പകർപ്പ് വാങ്ങാൻ വന്നു. ഞാനും അത് അന്വേഷിക്കുകയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ”
“പ്രധാനമന്ത്രി പോയി, അതാണ് സത്യം. എന്നിട്ടും, ഈ ചോദ്യം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ, ഞാൻ സുപ്രീം കോടതിയുടെ അഭിപ്രായം തേടി.” ഈ ഘട്ടത്തിൽ, ഇത് കൂടുതൽ ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നും ബംഗ്ലാദേശ് പ്രസിഡൻ്റ് പറഞ്ഞു.
മനാബ് സമിൻ എഡിറ്റർ ഇൻ ചീഫ് മതിയുർ റഹ്മാൻ ചൗധരിയോടാണ് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇങ്ങിനെ പറഞ്ഞത്.