കറാച്ചി: കുടുംബാംഗങ്ങളുടെ സോഷ്യൽമീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്ടപ്പെടാതിരുന്ന ഗൃഹനാഥൻ അമ്മയേയും സഹോദരിമാരേയും കഴുത്തറുത്ത് കൊന്നു. പാകിസ്താനിൽ കറാച്ചിയിലാണ് സംഭവം. വീട്ടിലെ നാല് സ്ത്രീകളെയാണ് കുടുംബനാഥനായ ബിലാൽ അഹമ്മദ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മ, സഹോദരി, അനന്തരവൾ, സഹോദരന്റെ ഭാര്യ എന്നിവരുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കറാച്ചിയിലെ ഓൾഡ് സോൾജ്യർ ബാസാറിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് നാല് മൃതദേങ്ങളും പൊലീസ് കണ്ടെടുത്തു.
കുടുംബാംങ്ങളുടെ ജീവിതശൈലി തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഭാര്യ ബന്ധം ഉപേക്ഷിച്ച് പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേൺ ജീവിതമാണെന്നാണ് ബിലാലിന്റെ വാദം.
മരിച്ച നാല് സ്ത്രീകൾക്കും സോഷ്യൽമീഡിയയിൽ അക്കൗണ്ടുകളുണ്ടായിരുന്നു. യുവതികൾ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത് ബിലാലിന് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാൽ ശേഷിക്കുന്ന മൂന്ന് പേർ സംഭവത്തിൽ ദൃക്സാക്ഷികളാകുമെന്നതിനാൽ അവരെയും കൊലപ്പെടുത്തുകയായിരുന്നു പ്രതി.
കഴിഞ്ഞ ശനിയാഴ്ചയാണ് ബിലാൽ അറസ്റ്റിലായത്. തിങ്കളാഴ്ച കോടതിക്ക് മുൻപിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു.