ഭുവനേശ്വർ: ‘ദന ചുഴലിക്കാറ്റ് നാളെ തീരം തൊടും എന്ന പ്രവചനം നില നിൽക്കെ ഒഡിഷയിൽ വൻ മുൻകരുതലുകൾ സർക്കാർ ഉറപ്പാക്കുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ച ശക്തി പ്രാപിച്ച് ഒക്ടോബർ 23-ഓടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും അത് അടുത്ത ദിവസം ഒഡീഷ, പശ്ചിമ ബംഗാൾ തീരത്ത് എത്തുകയും ചെയ്യുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. ബുധനാഴ്ച മുതൽ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ എത്തുമെന്നും ക്രമേണ മണിക്കൂറിൽ 100-110 കിലോമീറ്റർ വരെ വേഗത വർദ്ധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്‌ടോബർ 24 രാത്രി മുതൽ ഒക്‌ടോബർ 25 രാവിലെ വരെ മണിക്കൂറിൽ 120 കി.മീ. വേഗതയിൽ കാറ്റ് വീശും. ഇതിനാൽ ഒക്‌ടോബർ 23 നും 25 നും ഇടയിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
ഒക്‌ടോബർ 24 രാത്രിയിലും ഒക്‌ടോബർ 25 പുലർച്ചെയോടെയും മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്ശക്തമായ ചുഴലിക്കാറ്റായി മാറി മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പുരിക്കും സാഗർ ദ്വീപിനുമിടയിൽ വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങൾ കടക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒഡീഷയിലെ പുരി, ഖുർദ, ഗഞ്ചം, ജഗത്‌സിംഗ്പൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയും ശക്തമായതോ അതിശക്തമായതോ ആയ കൊടുങ്കാറ്റും ഉൾപ്പെടെയുണ്ടാകുമെന്നുള്ള റെഡ് അലെർട്ടും നൽകിയിട്ടുണ്ട്.
‘ദാന’ ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡീഷയിലെ 14 ജില്ലകളിലെ സ്‌കൂളുകൾക്ക് ഒക്ടോബർ 23 മുതൽ 25 വരെ മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് പ്രസിഡൻ്റ് ദ്രൗപതി മുർമു ബുധനാഴ്ച മുതൽ ഒഡീഷയിൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ സന്ദർശനം മാറ്റിവച്ചു.ബാംഗ്രിപോസി, ഉപർബെഡ, റൈരംഗ്പൂർ, പുരി, ഭുവനേശ്വർ എന്നിവിടങ്ങളിൽ സന്ദർശിക്കാൻ മുർമു നിശ്ചയിച്ചിരുന്നു.
അതിനിടെ ഒക്ടോബർ 24 രാത്രി ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരത്ത് എത്തുന്നതിന് മുമ്പ് തീരദേശ തീർത്ഥാടന നഗരമായ പുരി വിട്ടുപോകണമെന്ന് ഒഡീഷ സർക്കാർ വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ 100 ശതമാനം ഒഴിപ്പിക്കുന്നത് ഉറപ്പാക്കാൻ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഭക്ഷണവും കുടിവെള്ളവും മരുന്നുകളും ആവശ്യമായ അളവിൽ സൈക്ലോൺ ഷെൽട്ടറുകളിൽ സംഭരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സംഭവത്തെ നേരിടാൻ സംസ്ഥാന സർക്കാർ പൂർണ സജ്ജമാണെന്നും പരിഭ്രാന്തരാകരുതെന്നും മാജി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ദാന ചുഴലിക്കാറ്റിൽ തന്റെ സർക്കാർ ‘സീറോ കാഷ്വാലിറ്റി’ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരത്ത് എത്തുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളികൾ കരയിൽ തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാൻ പുരി, ജഗ്ത്സിംഗ്പൂർ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.ഈ രണ്ട് ജില്ലകളിൽ നിന്നായി നിരവധി മത്സ്യത്തൊഴിലാളികളാണ് കടലിലുള്ളത്.