ബെയ്റൂട്ട്: ലബനനിലെ ഭീകര സംഘടന ഹിസ്ബുല്ലയുടെ വധിക്കപ്പെട്ട തലവൻ ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് കോടിക്കണക്കിനു ഡോളറിന്റെ സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ്. ലബനനിലെ ആശുപത്രിക്ക് താഴെയുള്ള ഹിസ്ബുള്ള ബങ്കറിൽ നിന്ന് 500 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണവും പണവുമാണ് കണ്ടെത്തിയത്.
ഈ രഹസ്യ ബങ്കർ ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തുള്ള അൽ സഹേൽ ഹോസ്പിറ്റലിന് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഉണ്ടെന്നു ഇസ്രായേൽ അവകാശപ്പെടുന്ന പണം ഇന്ത്യൻ കറൻസിയിൽ ഏകദേശം 4,194,50,25,000 രൂപയാണ്.ഐഡിഎഫ് ഈ സ്ഥലത്തിന്റെ ഭൂപടം ലോകവുമായി പങ്കുവെച്ചു.
ഹിസ്ബുള്ളയുടെ സാമ്പത്തിക ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന കൃത്യമായ ആക്രമണം നടത്തിയതായി ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. “ദശലക്ഷക്കണക്കിന് ഡോളർ പണവും സ്വർണ്ണവും അടങ്ങുന്ന ഒരു ഭൂഗർഭ നിലവറ സൂക്ഷിച്ചിരുന്ന അതീവ സുരക്ഷിതമായ ഒരു രഹസ്യ സ്ഥലമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഹിസ്ബുള്ള ഈ പണം ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ലെബനൻ പുനർനിർമിക്കാൻ ഈ പണം ഉപയോഗിക്കാം.” അതേസമയം, ആക്രമണത്തിൽ പണമെല്ലാം നശിച്ചോ എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഐഡിഎഫിന്റെ ഇസ്രയേലിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ലെബനൻ നിയമസഭാംഗമായ ഫാദി അലാമേ പറഞ്ഞു. ഇവിടെ ഒരു ആശുപത്രി മാത്രമേ ഉള്ളൂ എന്ന് ലോകം വന്ന് കാണണമെന്നും അലമേ പറഞ്ഞു. ആശുപത്രിയിൽ ശസ്ത്രക്രിയാ മുറികളും രോഗികളുമാണ് ഉള്ളത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം നടന്നിരുന്നു. ഹിസ്ബുള്ള ഭീകരൻ ഹസൻ നസറുള്ള ഉൾപ്പെടെ ആറ് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹസൻ നസറുള്ളയുടെ മകൾ സൈനബ് നസറുള്ളയ്‌ക്കും ജീവൻ നഷ്ടപ്പെട്ടു.