ഇടുക്കി: കഞ്ചാവ് ബീഡി വലിക്കാൻ തീപ്പെട്ടി തിരക്കി വന്ന വിദ്യാർത്ഥികളെ കയ്യോടെ പിടികൂടി എക്സൈസ്. ഇടുക്കി അടിമാലിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ പക്കൽ നിന്ന് ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
തൃശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന വിദ്യാർത്ഥികളാണ് വെട്ടിലായത്. അടിമാലി എക്സൈസ് ഓഫീസിന് സമീപമെത്തിയ വിനോദയാത്രാ സംഘം ഇവിടെ വാഹനം നിർത്തി ഭക്ഷണം കഴിച്ചു. സ്കൂൾ വിദ്യാർത്ഥികളായ സംഘത്തിനൊപ്പം അദ്ധ്യാപകരുമുണ്ടായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം അഞ്ച് കുട്ടികളുടെ സംഘം അടുത്തുള്ള കുറ്റിക്കാട്ടിലേക്കിറങ്ങി. കൈവശമുള്ള കഞ്ചാവ് ബീഡി ഇവിടെ വച്ച് വലിക്കാനായിരുന്നു കുട്ടിക്കൂട്ടത്തിന്റെ പദ്ധതി. പക്ഷെ കൈവശം തീപ്പെട്ടിയുണ്ടായിരുന്നില്ല. അടുത്തുള്ള കെട്ടിടത്തിൽ ആളുകൾ ഉണ്ടെന്ന് മനസിലായപ്പോൾ വിദ്യാർത്ഥികൾ ഇവിടെ കയറി തീ ചോദിച്ചു. എന്നാലിത് എക്സൈസ് ഓഫീസാണെന്ന് വിദ്യാർത്ഥികൾ അറിഞ്ഞിരുന്നില്ല.
തീപ്പെട്ടി ചോദിച്ചതിന് പിന്നാലെ പന്തികേട് മണത്ത പിള്ളേർ ഉടൻ തന്നെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അഞ്ച് പേരെയും കയ്യോടെ പൊക്കുകയായിരുന്നു എക്സൈസ്. ഇവരെ പരിശോധിച്ചപ്പോൾ 5 ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. കേസെടുത്ത എക്സൈസ് സംഘം റിപ്പോർട്ട് തയ്യാറാക്കി ജുവനൈൽ ബോർഡിന് കൈമാറി. വിദ്യാർത്ഥികളുടെ മാതാപിതാക്കളെയും അദ്ധ്യാപകരെയും വിളിച്ചുവരുത്തിയ ശേഷമാണ് കുട്ടികളെ പറഞ്ഞുവിട്ടത്. ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ കുട്ടികൾ നേരിടേണ്ടി വരും.















