കൊച്ചി: നാലമ്പലത്തിനുള്ളില്‍ വീല്‍ചെയര്‍ അനുവദിക്കുന്ന കാര്യത്തിൽ
ഹൈക്കോടതിയിൽ ഭിന്നാഭിപ്രായങ്ങളുമായി ദേവസ്വം ബോർഡുകൾ. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം വീല്‍ചെയര്‍ അനുവദിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ നാലമ്പലത്തിൽ വീൽചെയർ അനുവദിക്കാമെന്ന നിലപാടാണ് കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകിച്ചത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളില്‍ നേരിട്ടുള്ള നിയന്ത്രണമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. നാലമ്പലത്തിിനുള്ളിൽ വീൽചെയർ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭക്തന്റെ രേഖാമൂലമുള്ള പരാതിയിൽ ഹൈക്കോടതി സ്വമേധായ കേസെടുത്തിരുന്നു.
ഭരണഘടനാപരമായ അവകാശം പരിഗണിക്കുന്നതിനൊപ്പം ക്ഷേത്രങ്ങളുടെ പരമ്പരാഗത വാസ്തുവിദ്യ വെല്ലുവിളികൾ സൃഷിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. എന്നാല്‍ ഗുരുവായൂര്‍ പോലുള്ള ചില ക്ഷേത്രങ്ങളില്‍ വീല്‍ചെയറിലിരിക്കുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് ഒരു ഹ്രസ്വ അവസരം അനുവദിക്കുന്നത് ന്യായമായ സമീപനമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം അടുത്ത ചൊവ്വാഴ്ച നടക്കും.