ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും റാണയ അമേരിക്ക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനേഡിയൻ-പാകിസ്താനി പൗരനാണ് റാണ. നിലവിൽ അമേരിക്കയിലെ ജയിലിൽ കഴിയുന്ന ഇയാളെ ഭാരതത്തിലെത്തിക്കാനായി കേന്ദ്രസർക്കാർ വർഷങ്ങളായി പരിശ്രമിക്കുന്നുണ്ട്. 2009ൽ യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്ത റാണയ്‌ക്കെതിരെ 2011ൽ ഷിക്കാഗോ കോടതി ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ജയിലിൽ കിടന്ന റാണ കേസിൽ നിന്ന് ഊരാൻ പലവിധത്തിൽ ശ്രമിച്ചു. വിവിധ കോടതികളിൽ ഹർജി സമർപ്പിച്ചെങ്കിലും എല്ലാ തള്ളുകയായിരുന്നു. സെപ്റ്റംബർ 23ന് യുഎസ് സർക്യുട്ട് കോടതിയും റാണയുടെ ഹർജി തള്ളിയ സാഹചര്യത്തിലാണ് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ വീണ്ടും ആക്കം കൂട്ടിയത്.
ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്വേഷണ ഏജൻസികളുടെ പ്രതിനിധികളും അടുത്തിടെ ഡൽഹിയിലെ യുഎസ് എംബസിയിൽ റാണയുടെ വിട്ടുകിട്ടൽ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകളുടെ ഫലമായി ഡിസംബർ അവസാനത്തോടെ റാണയെ ഭാരതത്തിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നയാളെ യുഎസ് പൊലീസ് 2009ൽ കസ്റ്റഡിയിലെടുത്തിരുന്നു. 63-കാരനായ റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്ലി. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാണയിലേക്ക് അന്വേഷണം നീങ്ങിയതും ശിക്ഷിക്കപ്പെട്ടതും. മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് ഹെഡ്ലിയെ 35 വർഷത്തെ തടവിനാണ് യുഎസ് കോടതി ശിക്ഷിച്ചിരിക്കുന്നത്. റാണയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞാൽ മുംബൈ ഭീകരാക്രമണ കേസിൽ റാണയ്‌ക്കെതിരെ വിചാരണ നടപടികൾ ആരംഭിക്കും.
26/11 ആക്രമണം എന്നറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം, 2008 നവംബർ 26നാണ് നടന്നത്. മൂന്ന് ദിവസം തുടർച്ചയായി നടന്ന ആക്രമണത്തിൽ മുംബൈ നഗരം അടിമുടി വിറച്ചു. 166 പേരാണ് ലഷ്കർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്താൻ ഭീകരർക്ക് വേണ്ട സഹായങ്ങൾ ചെയ്തതിലും ആക്രമണം ആസൂത്രണം ചെയ്തതിലും തഹാവൂർ റാണ പ്രധാന പങ്കുവഹിച്ചിരുന്നു.















