ശ്രീനഗർ: ഭീകരവാദവും അശാന്തിയും കാരണം മൂന്ന് പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ശീതൾനാഥ് ക്ഷേത്രം പുനർനിർമിക്കുന്നു. 370 അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ 2021 ലാണ് ക്ഷേത്രം വീണ്ടും തുറന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പ്രധാന ആരാധനാലമാണ് ശീതൾനാഥ് ക്ഷേത്രം.
പരമ്പരാഗത വാസ്തുവിദ്യ അതേപടി നിലനിർത്തി പഴയ ക്ഷേത്രത്തിന്റെ ഘടനാപരമായ പോരായ്മകൾ പരിഹരിച്ച് പുനർനിർമ്മിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പം ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന്റെയും അതിനോട് ചേർന്നുള്ള ‘ഹവൻ ഷല്ല ബിൽഡിംഗിന്റെയും’ അടിസ്ഥാന ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ശ്രീനഗറിലെ ഹബ്ബ പ്രദേശത്താണ് ശീതൾനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭീകരവാദവും കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കാരണം 31 വർഷത്തോളം അടച്ചിട്ടിരുന്ന ക്ഷേത്രം 2021-ൽ ഫെബ്രുവരി 17ന് ബസന്ത് പഞ്ചമിയിൽ പ്രത്യേക പൂജയോടെയാണ് വീണ്ടും തുറന്നത്. ക്ഷേത്രം തിരികെ ലഭിച്ചത് കശ്മീരികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അന്ന് കശ്മീരി പണ്ഡിറ്റുകളുടെ സംഘം പ്രാർത്ഥന നടത്തിയത്.
ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയും മുഫ്തി മുഹമ്മദ് സയ്യിദ് ആഭ്യന്തരമന്ത്രിയും ആയിരുന്ന 90കളിലാണ് തീവ്രവാദം ജമ്മുകശ്മീരില്‍ വേരാഴ്ത്തിയത്. ഇതിന്റെ ഭാഗമായാണ് നിര്‍ബന്ധപൂര്‍വ്വം പല ക്ഷേത്രങ്ങളും അടപ്പിച്ചത്. തീവ്രവാദം പിടിമുറുക്കുന്നതിന് മുമ്പ് ശീതള്‍ നാഥ് മന്ദിരത്തിലെ ബസന്ത് പഞ്ചമി പൂജയ്ക്ക് നൂറുകണക്കിന് കശ്മീരി ഹിന്ദുക്കള്‍ പങ്കെടുത്തിരുന്നു.