പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ മലയാലപ്പുഴയിലെ വീട്ടിലെത്തിയിരുന്നു കുടുംബാംഗങ്ങളെ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറിയിക്കാനുമായാണ് എത്തിയതെന്ന് സന്ദർശനത്തിനുശേഷം ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കുടുംബത്തിന് ഇതുമായിബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ താൻ അത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ല. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനാണ് എത്തിയത്. അവരുടെ വേദന വാക്കുകൾക്കും അപ്പുറമാണ്. കുടുംബത്തിന്റെ നാഥനെയാണ് നഷ്ടപ്പെട്ടത്. അന്വേഷണത്തിൽ കുടുംബത്തിന് ഏതെങ്കിലും രീതിയിൽ തന്റെ സഹായം ആവശ്യമായി വന്നാൽ ഇടപെടുമെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം എഡിഎം നവീൻ ബാബിനുവിന്റെ മരണത്തിൽ ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. എന്തുകൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തതെന്നും ഒളിവിൽ പോകാൻ സഹായിച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർഥതയില്ലാത്തതാണെന്നും ദിവ്യയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.















